തിരുവനന്തപുരം/2026/ജൂലൈ 27
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 സംബന്ധിച്ച മേഖലാതല ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, വഴുതക്കാട് ശ്രീമൂലം ക്ലബ്ബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസന അജണ്ടയിൽ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ് ശാസ്ത്രീയ മാലിന്യ നിർമാർജ്ജനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വ്യക്തിശുചിത്വത്തിനപ്പുറം സാമൂഹിക ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്തമായി മാറണം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളിൽ മാറ്റമുണ്ടാകണം. സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നാലേ കേരളത്തെ യഥാർഥ അർഥത്തിൽ ഹരിതകേരളമാക്കി മാറ്റാൻ കഴിയൂ.
മാലിന്യ സംസ്കരണരംഗത്ത് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ അംഗീകരിക്കുന്നതിനൊപ്പം ഇനിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള ജനകീയ കൂട്ടായ്മകൾ ഈ രംഗത്ത് സജീവ പങ്കാളികളാകണം. ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണ രീതികൾക്കും കടലാസ് കമ്പനികൾ മുഖേനയുള്ള വ്യാജ സംസ്കരണ അവകാശവാദങ്ങൾക്കും സർക്കാർ അംഗീകാരം നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളിലും സമഗ്ര മാലിന്യ സംസ്കരണ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കണം. നഗരസഭകളും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കണം. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിയണം.
ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ ഖരമാലിന്യ പരിപാലനം പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും അനിവാര്യമാണ്. 2026 ഏപ്രിൽ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന ഖരമാലിന്യ പരിപാലന ചട്ടങ്ങൾ കൃത്യമായി നടപ്പാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി കെ എം ഷാജി അധ്യക്ഷത വഹിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയർ വി വി രാജേഷ് ആശംസകൾ നേർന്നു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ് സ്വാഗതം പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ബിനു ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. രതീഷ് മേനോൻ നന്ദി രേഖപ്പെടുത്തി.
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിനും ചട്ടങ്ങളുടെ പാലനം ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാതല ശില്പശാലകൾ സംഘടിപ്പിക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.