ന്യൂഡൽഹി/2026 ജൂലൈ 24
അതിക്രമം നേരിട്ടവരും പ്രതിസന്ധിയിലായവരുമായ സ്ത്രീകൾക്ക് അടിയന്തര സഹായവും സംരക്ഷണവും ഒറ്റക്കുടക്കീഴിൽ നൽകുന്നതിനായി രാജ്യത്ത് 985 വൺ സ്റ്റോപ്പ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2015 ഏപ്രിൽ ഒന്നുമുതൽ 2026 ജൂൺ 30 വരെ 15.20 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഈ കേന്ദ്രങ്ങളിലൂടെ സഹായം ലഭിച്ചു. വനിതാ-ശിശുവികസന സഹമന്ത്രി സാവിത്രി ഠാക്കൂർ ലോക്സഭയിൽ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് വിവരങ്ങൾ അറിയിച്ചത്.
രാജ്യത്താകെ 1,033 കേന്ദ്രങ്ങൾക്ക് അനുമതി
മിഷൻ ശക്തിയുടെ കീഴിലുള്ള സംബൽ വിഭാഗത്തിന്റെ ഭാഗമാണ് വൺ സ്റ്റോപ്പ് സെന്റർ പദ്ധതി. സ്വകാര്യ ഇടങ്ങളിലോ പൊതുസ്ഥലങ്ങളിലോ അതിക്രമം നേരിടുന്ന സ്ത്രീകൾക്കും പ്രതിസന്ധിയിലായവർക്കും ഒരേ കേന്ദ്രത്തിൽനിന്ന് അടിയന്തര സഹായം നൽകുകയാണ് ലക്ഷ്യം. രാജ്യത്താകെ 1,033 വൺ സ്റ്റോപ്പ് സെന്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 985 കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കുമാണ്.
ഓരോ കേന്ദ്രത്തിലും 13 ജീവനക്കാർ
ഓരോ വൺ സ്റ്റോപ്പ് സെന്ററിലും 13 ജീവനക്കാരെ നിയമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും. ഒരു സെന്റർ അഡ്മിനിസ്ട്രേറ്റർ, രണ്ട് കേസ് വർക്കർമാർ, ഒരു മാനസിക-സാമൂഹിക കൗൺസലർ, ഒരു നിയമസഹായി അല്ലെങ്കിൽ അഭിഭാഷകൻ, ഒരു പാരാമെഡിക്കൽ ജീവനക്കാരൻ എന്നിവരുൾപ്പെടുന്ന സംഘമാണ് സേവനം നൽകുന്നത്. പ്രാദേശിക ആവശ്യവും പ്രവർത്തനസൗകര്യവും കണക്കിലെടുത്ത് ജീവനക്കാരുടെ ഘടനയിൽ മാറ്റം വരുത്താനും അനുമതിയുണ്ട്.
വനിതാ ഹെൽപ്പ് ലൈനുമായി 657 കേന്ദ്രങ്ങൾ ബന്ധിപ്പിച്ചു
സഹായസേവനങ്ങൾ വേഗത്തിലും ഏകോപിതമായും ലഭ്യമാക്കുന്നതിനായി 657 വൺ സ്റ്റോപ്പ് സെന്ററുകളെ വനിതാ ഹെൽപ്പ് ലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വനിതാ ഹെൽപ്പ് ലൈൻ അടിയന്തര പ്രതികരണ സഹായ സംവിധാനമായ 112, കുട്ടികളുടെ ഹെൽപ്പ് ലൈനായ 1098, മറ്റു സേവന സംവിധാനങ്ങൾ എന്നിവയുമായും ബന്ധിപ്പിച്ചു. ദീർഘകാല സംരക്ഷണവും പുനരധിവാസവും സുരക്ഷിത താമസവും ആവശ്യമുള്ള സ്ത്രീകളെ ശക്തി സദനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ശക്തി സദനിൽ താമസവും പരിശീലനവും
പ്രതിസന്ധിയിലായ സ്ത്രീകൾക്കായുള്ള സ്വാധാർ ഗൃഹ പദ്ധതിയും മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെടുത്തിയ സ്ത്രീകൾക്കായുള്ള ഉജ്ജ്വല പദ്ധതിയും ചേർത്താണ് ശക്തി സദൻ പദ്ധതി രൂപീകരിച്ചത്. ഇവിടെ താമസം, ഭക്ഷണം, വസ്ത്രം, കൗൺസലിങ്, പ്രാഥമിക ആരോഗ്യസേവനം, മറ്റു ദൈനംദിന ആവശ്യങ്ങൾ എന്നിവ നൽകും. തൊഴിൽപരിശീലനം, ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ലഭ്യമാക്കും.
തൊഴിൽ-തൊഴിലാളി മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് അംഗീകരിച്ച സ്ഥാപനങ്ങളിലൂടെയോ ദേശീയ നൈപുണ്യ വികസന കൗൺസിലിന്റെ പരിശീലന പങ്കാളികളിലൂടെയോ സ്ത്രീകൾക്ക് തൊഴിൽ, നൈപുണ്യ വികസന പരിശീലനം നൽകും. മറ്റു സർക്കാർ പദ്ധതികളിൽനിന്ന് സഹായം ലഭിക്കാത്തവർക്ക് പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസ് തിരികെ നൽകും. ചെറുകിട വ്യവസായമോ വ്യാപാരമോ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സിഡ്ബി, മുദ്ര തുടങ്ങിയ സർക്കാർ പദ്ധതികളിലൂടെ ചെറുവായ്പ ലഭ്യമാക്കും.
ജോലി ചെയ്യുന്ന സ്ത്രീകൾക്കായി 575 സഖി നിവാസുകൾ
നഗരങ്ങളിലും അർധനഗരങ്ങളിലും സ്ത്രീകൾക്ക് തൊഴിൽസാധ്യതയുള്ള ഗ്രാമപ്രദേശങ്ങളിലും സുരക്ഷിതമായ താമസം ലഭ്യമാക്കുകയാണ് സഖി നിവാസ് പദ്ധതിയുടെ ലക്ഷ്യം. ജോലി ചെയ്യുന്ന സ്ത്രീകൾക്കും തൊഴിൽപരിശീലനം നേടുന്നവർക്കുമായി വാടകക്കെട്ടിടങ്ങളിൽ സഖി നിവാസ് നടത്താൻ സാമ്പത്തിക സഹായം നൽകും. താമസക്കാരായ സ്ത്രീകളുടെ കുട്ടികൾക്കായി ഡേ കെയർ സെന്റർ ഒരുക്കുന്നതും പദ്ധതിയുടെ പ്രധാന ഭാഗമാണ്. നിലവിൽ രാജ്യത്താകെ 575 സഖി നിവാസുകൾ പ്രവർത്തിക്കുന്നുണ്ട്.