മധുര, ജൂലൈ 14-
പൊതുക്ഷേത്രങ്ങളിലെ ആരാധനയിലും ആചാരപരമായ ചടങ്ങുകളിലും ജനനത്തിന്റെയോ ജാതിയുടെയോ പേരിൽ ഭക്തർക്കിടയിൽ പദവിവ്യത്യാസം സൃഷ്ടിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പുതുക്കോട്ട ജില്ലയിലെ വളവമ്പട്ടി അരുള്മിഗു ശ്രീ മൂങ്കിൽ അയ്യനാർ ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്റെ ഒമ്പതാം ദിവസത്തെ മണ്ഡകപ്പടി ചടങ്ങുകൾ കൂട്ടായി നടത്താൻ കോടതി ആദിദ്രാവിഡ സമൂഹത്തിന് അനുമതി നൽകി. ആദിദ്രാവിഡ സമൂഹത്തെ പ്രതിനിധീകരിച്ച് പി. സുന്ദരരാജു നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരിയുടെ സുപ്രധാന വിധി. അതേസമയം, ആദ്യ എട്ട് ദിവസങ്ങളിലെ തങ്ങളുടെ പാരമ്പര്യ മണ്ഡകപ്പടി അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മരുതമുത്തു ഉൾപ്പെടെ എട്ട് കരൈദാർ കുടുംബങ്ങൾ നൽകിയ ഹർജി ചില നിർദേശങ്ങളോടെ കോടതി തീർപ്പാക്കി.
ഹർജിക്കാരനായ പി. സുന്ദരരാജുവിനായി അഭിഭാഷകൻ പി. മനോഹരനും, പാരമ്പര്യ കരൈദാർ കുടുംബങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ കെ. ബാലസുന്ദരവും ഹാജരായി. ജില്ലാ ഭരണകൂടത്തിനും പൊലീസിനും വേണ്ടി സർക്കാർ അഭിഭാഷകരായ എം.ആർ. പ്രിയങ്ക ജ്യോതി, സി. സുസികുമാർ എന്നിവരും ക്ഷേത്ര ഭരണസമിതിക്കായി ജി. മാധവനും കോടതിയിലെത്തി. ജില്ലാ കളക്ടർ, ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പ് (HR&CE) ഉദ്യോഗസ്ഥർ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, പൊലീസ് അധികാരികൾ എന്നിവരായിരുന്നു കേസിലെ പ്രധാന എതിർകക്ഷികൾ.
രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആദിദ്രാവിഡർക്ക് മണ്ഡകപ്പടി
എല്ലാ വർഷവും ചിത്തിര ഉത്സവത്തിന്റെ ഒമ്പതാം ദിവസം രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ ആദിദ്രാവിഡ സമൂഹാംഗങ്ങൾക്ക് കൂട്ടായി മണ്ഡകപ്പടി ചടങ്ങുകൾ നടത്താമെന്ന് കോടതി നിർദേശിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പും ഗ്രാമത്തിലെ എല്ലാ വിഭാഗങ്ങളും സംയുക്തമായി പതിവ് മണ്ഡകപ്പടി നടത്തണം. ഇതിന് ശേഷം ക്ഷേത്രത്തിലെ രഥോത്സവം നിലവിലുള്ള ആചാരക്രമങ്ങൾ അനുസരിച്ച് തുടരാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ആദ്യ എട്ട് ദിവസങ്ങളിലെ പാരമ്പര്യ അവകാശം തുടരും
ചിത്തിര ഉത്സവത്തിന്റെ ആദ്യ എട്ട് ദിവസങ്ങളിൽ മണ്ഡകപ്പടി നടത്താനുള്ള എട്ട് കരൈദാർ കുടുംബങ്ങളുടെ ദീർഘകാല പാരമ്പര്യാവകാശത്തിൽ കോടതി ഇടപെടില്ല. ഈ ദിവസങ്ങളിലെ ചടങ്ങുകളിൽ ആദിദ്രാവിഡ സമൂഹം പ്രത്യേക അവകാശം ഉന്നയിക്കരുത്. ആദിദ്രാവിഡർക്ക് ഒമ്പതാം ദിവസത്തെ പങ്കാളിത്തം അനുവദിക്കുന്നത് വഴി മറ്റുള്ളവരുടെ നിലവിലുള്ള പാരമ്പര്യ അവകാശം ഇല്ലാതാകുന്നില്ലെന്നും വിധിയിൽ പറയുന്നു.
അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന പരാതി
വളവമ്പട്ടി ഗ്രാമത്തിലെ മുന്നൂറോളം ആദിദ്രാവിഡ കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് പി. സുന്ദരരാജു കോടതിയെ സമീപിച്ചത്. ക്ഷേത്ര പുനരുദ്ധാരണം, കുംഭാഭിഷേകം, ഉത്സവച്ചെലവുകൾ, രഥം കടന്നുപോകാനുള്ള റോഡ് നിർമാണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തങ്ങളുടെ സമൂഹം സജീവമായി പങ്കെടുത്തിട്ടും മണ്ഡകപ്പടി നടത്താനുള്ള അവസരം മാത്രം നിഷേധിക്കുകയാണെന്നായിരുന്നു പരാതി.
വിലക്കിന് നിയമസാധുതയില്ല
ആദിദ്രാവിഡ സമൂഹത്തെ ഒമ്പതാം ദിവസത്തെ ചടങ്ങുകളിൽ നിന്ന് വിലക്കുന്ന യാതൊരുവിധ നിയമവ്യവസ്ഥകളോ ക്ഷേത്രഭരണ രേഖകളോ പാരമ്പര്യാവകാശ കരാറുകളോ ഹാജരാക്കാൻ എതിർകക്ഷികൾക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പഴയ പുതുക്കോട്ട രാജഭരണകാലത്തോ ക്ഷേത്ര ഭരണവകുപ്പോ എട്ട് കുടുംബങ്ങൾക്ക് മാത്രം ചടങ്ങുകളിൽ സമ്പൂർണ്ണ പ്രത്യേകാവകാശം നൽകി കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അതിനാൽ, ഈ ഒഴിവാക്കൽ നിയമപരമായ കാരണങ്ങളാലല്ല, മറിച്ച് ചരിത്രപരമായ രീതികളുടെ തുടർച്ച മാത്രമാണെന്ന് കോടതി വിലയിരുത്തി.
ക്ഷേത്രപ്രവേശനം മാത്രം തുല്യതയാകില്ല
ആദിദ്രാവിഡ സമൂഹത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ വിലക്കില്ലെന്ന കരൈദാർ കുടുംബങ്ങളുടെ വാദം കോടതി അംഗീകരിച്ചു. എന്നാൽ, തുല്യാവകാശത്തിന് അത് മാത്രം പോരെന്ന് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി വ്യക്തമാക്കി. പൊതുക്ഷേത്രത്തിലെ തുല്യമായ മതസ്വാതന്ത്ര്യം കവാടത്തിലൂടെയുള്ള പ്രവേശനത്തിൽ മാത്രം ഒതുങ്ങുന്നില്ല; പൊതുച്ചടങ്ങുകളിൽ മാന്യമായ പങ്കാളിത്തം ലഭിക്കുന്നതും തുല്യതയുടെ ഭാഗമാണ്.
പാരമ്പര്യത്തിന്റെ പേരിൽ വിവേചനം നിലനിർത്താനാകില്ല
മതാചാരങ്ങളും പാരമ്പര്യങ്ങളും ഭരണഘടന സംരക്ഷിക്കുന്നുണ്ടെങ്കിലും അവ സമത്വം, മാന്യത, സാഹോദര്യം എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമാകരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ ചിലർ സ്ഥിരമായി ചടങ്ങുകൾ നടത്തുകയും മറ്റുള്ളവർ കേവലം കാഴ്ചക്കാരായി തുടരുകയും ചെയ്യുന്ന രീതി ഭരണഘടന അംഗീകരിക്കുന്നില്ല. ഭരണഘടനാ മൂല്യങ്ങൾക്കാണ് ഇവിടെ പരമാധികാരമെന്നും കോടതി നിരീക്ഷിച്ചു.
സുഗമമായ ഉത്സവത്തിന് മുൻകൂട്ടി യോഗം ചേരണം
കോടതി നിശ്ചയിച്ച പുതിയ ക്രമീകരണങ്ങൾ ഔദ്യോഗിക നടപടികളിൽ ഉൾപ്പെടുത്തി ഭാവിയിലെ ഉത്സവങ്ങളിലും നടപ്പാക്കാൻ ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പ് ജോയിന്റ് കമ്മീഷണർ നടപടി സ്വീകരിക്കണം. ഓരോ വർഷവും ഉത്സവം തുടങ്ങുന്നതിന് മുൻപ് എല്ലാ വിഭാഗങ്ങളുടെയും സംയുക്ത യോഗം വിളിച്ചുചേർക്കണമെന്നും, സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പൊലീസും ആവശ്യമായ സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിട്ടു.