അലഹബാദ്, ജൂലൈ 14-
വർഷങ്ങളോളം നീണ്ട ശാരീരികബന്ധം വിവാഹവാഗ്ദാനത്തിന്റെ പേരിലുള്ള ബലാത്സംഗമായി കണക്കാക്കണമെങ്കിൽ, ആ വാഗ്ദാനം തുടക്കത്തിൽത്തന്നെ വഞ്ചനാപരമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. നല്ല വിശ്വാസത്തോടെ നൽകിയ വാഗ്ദാനം പിന്നീട് സാഹചര്യങ്ങൾ കാരണം പാലിക്കാൻ കഴിയാതെ പോകുന്നതും, തുടക്കം മുതലേ വഞ്ചിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജവാഗ്ദാനവും ഒരുപോലെയല്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയായ സൗരഭ് പാൽ സിങ് നൽകിയ രണ്ട് ക്രിമിനൽ അപ്പീലുകൾ അനുവദിച്ച ജസ്റ്റിസ് സന്തോഷ് റായ്, ബലാത്സംഗം, വഞ്ചന, വിശ്വാസവഞ്ചന, പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരമുള്ള കുറ്റം ഉൾപ്പെടെയുള്ള എല്ലാ ചാർജുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ഉത്തർപ്രദേശ് സർക്കാരും പരാതിക്കാരി മഞ്ജു സരോജുമായിരുന്നു കേസിലെ എതിർകക്ഷികൾ.
പ്രതിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സഗീർ അഹമ്മദ്, ശശി പ്രകാശ് റായ്, മുഹമ്മദ് റാഘിബ് അലി എന്നിവരും പരാതിക്കാരിക്കായി അശ്വിനി മിശ്രയും സംസ്ഥാന സർക്കാരിനായി അഡീഷണൽ ഗവൺമെന്റ് അഭിഭാഷകനും ഹാജരായി. പ്രതിയുടെ കുറ്റവിമുക്തി അപേക്ഷ തള്ളുകയും കുറ്റപത്രം ചുമത്തുകയും ചെയ്ത പ്രയാഗ്രാജ് പ്രത്യേക കോടതിയുടെ മുൻ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി.
കൃത്യമായ വിവരങ്ങളില്ലാത്ത ആരോപണം
അലഹബാദ് സർവകലാശാലയിൽ ഗവേഷണം നടത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ് പരാതി നൽകിയിരുന്നത്. സൗരഭ് വിവാഹവാഗ്ദാനം നൽകി ദീർഘകാലം ശാരീരികബന്ധം പുലർത്തിയെന്നും പിന്നീട് പിന്മാറിയെന്നും കാണിച്ച് 2020 ഒക്ടോബർ 29-നാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ദീർഘകാലമായി തുടരുന്ന ബന്ധത്തിൽ ബലാത്സംഗം നടന്നതായി പറയുന്ന കൃത്യമായ തീയതിയോ സമയമോ സ്ഥലമോ എവിടെയും വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സൗഹൃദത്തിനിടയിലെ ബന്ധമെന്ന് മൊഴി
മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തങ്ങൾ തമ്മിൽ പ്രണയബന്ധമില്ലായിരുന്നെന്നും സുഹൃത്തുക്കളായിരിക്കെ ഉണ്ടായ ശാരീരികബന്ധമാണെന്നുമാണ് പരാതിക്കാരി പറഞ്ഞിട്ടുള്ളത്. ഇരുവരും തമ്മിൽ 2014 മുതൽ ബന്ധമുണ്ടായിരുന്നു. പ്രതി വിവാഹിതനാണെന്ന വിവരം 2019-ൽ പരാതിക്കാരി അറിഞ്ഞിരുന്നു. വിവാഹവാഗ്ദാനം തുടക്കം മുതലേ കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളില്ലാത്തതിനാൽ ബലാത്സംഗക്കുറ്റത്തിന്റെ അടിസ്ഥാനഘടകങ്ങൾ ഇവിടെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി.
തർക്കത്തിന് സാമ്പത്തിക സ്വഭാവം
റസ്റ്റോറന്റ് തുടങ്ങാനായി സൗരഭിന് 15 ലക്ഷം രൂപയും എടിഎം കാർഡും ആഭരണങ്ങളും നൽകിയെന്നും പകരമായി ലഭിച്ച രണ്ട് ചെക്കുകൾ മടങ്ങിയെന്നുമായിരുന്നു പരാതിക്കാരിയുടെ മറ്റൊരു ആരോപണം. എന്നാൽ പണം ബിസിനസ് ആവശ്യത്തിനായി നൽകിയതാണെന്ന് പരാതിയിൽ തന്നെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളോ നിയമനടപടികളോ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. പണം പിന്നീട് തിരിച്ചുനൽകാത്തതു കൊണ്ട് മാത്രം അതിനെ വഞ്ചനയോ വിശ്വാസവഞ്ചനയോ ആയി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജാതിപ്പേരിലുള്ള അതിക്രമം നിലനിൽക്കില്ല
പരാതിക്കാരി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന കാരണത്താൽ മാത്രം എസ്സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ട അതിക്രമം അവരുടെ ജാതിയെ ലക്ഷ്യമിട്ടോ ജാതിയുടെ പേരിലോ നടത്തിയതാണെന്ന് തെളിയണം. ഈ കേസിൽ ജാതിപ്രേരിതമായ ഉദ്ദേശങ്ങൾ വ്യക്തമാക്കുന്ന വസ്തുതകളൊന്നുമില്ല.
കീഴ്ക്കോടതിക്ക് ഗുരുതര വീഴ്ച
കുറ്റം ചുമത്തുന്ന ഘട്ടത്തിൽ രേഖകളിൽ ഗുരുതര സംശയമുണ്ടോ എന്ന് പരിശോധിക്കാൻ കീഴ്ക്കോടതിക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ബലാത്സംഗാരോപണത്തിലെ വ്യക്തതക്കുറവ്, സാമ്പത്തിക ഇടപാടുകളുടെ രേഖകളുടെ അഭാവം, ജാതിപ്രേരിത ഉദ്ദേശമില്ലായ്മ എന്നിവ പരിശോധിക്കാതെ യാന്ത്രികമായാണ് പ്രത്യേക കോടതി കുറ്റം ചുമത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി അപ്പീലുകൾ അനുവദിച്ചതോടെ പ്രതിയുടെ ജാമ്യബോണ്ടുകളും ജാമ്യക്കാരുടെ ബാധ്യതകളും റദ്ദായി. സിവിൽ സ്വഭാവമുള്ള സാമ്പത്തിക തർക്കങ്ങളെ ആവശ്യമായ കുറ്റഘടകങ്ങളില്ലാതെ ക്രിമിനൽ കേസുകളാക്കി മാറ്റരുതെന്ന വ്യക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്.