ബംഗളൂരു: നിലഗിരിയില്‍ കോയമ്പത്തൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലോഡ്ജില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ലോഡ്ജിലെ കണ്ണാടിയ്ക്ക് പിന്നില്‍ രഹസ്യ മുറി സജ്ജമാക്കിയായിരുന്നു പ്രവര്‍ത്തനം. നീലഗിരിയില്‍ വാണിജ്യപരമായ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. മേട്ടുപ്പാളയത്തെ ശറണ്യ ലോഡ്ജിലാണ് പൊലീസ് പരിശോധന നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റെയ്ഡിന് ശേഷം ലോഡ്ജ് അടച്ചു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോഡ്ജിലെ എല്ലാ മുറിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. ഒരു മുറിയില്‍ മാത്രം രണ്ടു കണ്ണാടികള്‍ ഉണ്ടായിരുന്നു. സംശയം തോന്നി തള്ളിനോക്കിയപ്പോള്‍ ഉള്ളിലേക്കു തുറന്നു. അതിനുള്ളില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു – പൊലീസ് പറഞ്ഞു. ടൊയ്ലറ്റ് രൂപമാറ്റം വരുത്തി രഹസ്യ മുറിയാക്കി മാറ്റിയതാണെന്ന് പൊലീസ് കണ്ടെത്തി. കെ മഹേന്ദ്രന് എന്നയാളാണ് ലോഡ്ജ് പാട്ടത്തിനെടുത്തു നടത്തുന്നത്. ഇയാളുടെ ജീവനക്കാരനായ ഗണേശനും പിടിയിലായിട്ടുണ്ട്. രഹസ്യ അറ നിര്‍മിച്ചത് ഇവരാണോ നേരത്തെ ലോഡ്ജ് നടത്തിയിരുന്നവരാണോയെന്ന് അന്വേഷിച്ചുവരികയാണ്. കൊവിഡിനെ തുടര്‍ന്ന് ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം കര്‍ശനമായി നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മിക്ക ലോഡ്ജുകളും അടച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോഡ്ജുകള്‍ കേന്ദ്രമാക്കി ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

