കോട്ടയം ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍

കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ ബ്ലോക്ക് തലത്തില്‍ വികേന്ദ്രീകരിക്കുന്നതിന് നടപടികളായി. നിലവില്‍ ജില്ലാതലത്തിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും  നടന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക തലത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. ഇവയുടെ ഏകോപനമായിരിക്കും കളക്ടറേറ്റിലെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഇനി നിര്‍വഹിക്കുക. 

ആരോഗ്യവകുപ്പും പോലീസും സംയുക്തമായാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കുക. ജില്ലാ കളക്ടര്‍ എം. അഞ്ജന ശനിയാഴ്ച (ഓഗസ്റ്റ് 22)  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു. 

വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജില്ലയിലെ പതിനാറ് ഹെല്‍ത്ത് ബ്ലോക്കുകളിലും പ്രത്യേക കൊറോണ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുക.

രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുക, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി രോഗപരിശോധന നടത്തുക, പരിശോധനാ വിവരങ്ങള്‍ സംസ്ഥാനതല പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുക, സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ക്വാറന്റയിന്‍ ഉറപ്പാക്കുക തുടങ്ങി ചുമതലകള്‍ ഇനി ബ്ലോക്ക് തലത്തില്‍ നിര്‍വഹിക്കും. 

രോഗം സ്ഥിരീകരിക്കുന്നവരെ പ്രവേശിപ്പിക്കുന്നതിന് എല്ലാ കണ്‍ട്രോള്‍ റൂമുകളെയും സമീപ മേഖലയിലെ ഒരു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവുമായി (സി.എഫ്.എല്‍.ടി.സി) ബന്ധിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനും നടപടികളായിട്ടുണ്ട്. 

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏതാനും കേന്ദ്രങ്ങളില്‍നിന്നു മാത്രം നടത്തുന്നതിന് പരിമിതികളുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനം പഴുതുകളില്ലാതെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. രാജന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7312/Covid-19-;-control-rooms.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →