ന്യൂഡൽഹി, 2026 ജൂൺ 28
ചാർധാം തീർഥാടനത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഹെലികോപ്റ്റർ സർവീസിന്റെ ആദ്യഘട്ടം ജൂൺ 26ന് വിജയകരമായി പൂർത്തിയായി. ഈ കാലയളവിൽ പ്രതിദിനം ഏകദേശം നാനൂറ് ഹെലികോപ്റ്റർ സർവീസുകൾ നടത്തി. ആകെ പന്ത്രണ്ടായിരത്തി മുപ്പത്തിരണ്ട് ഷട്ടിൽ സർവീസുകളിലൂടെ അറുപത്തിയേഴായിരത്തി അറുപത്തിനാല് തീർഥാടികൾ യാത്ര ചെയ്തു. കൂടാതെ രണ്ടായിരത്തി അറുപത്തിയഞ്ച് ചാർട്ടർ സർവീസുകളിലൂടെ പതിനൊന്നായിരത്തി എഴുനൂറ്റിപ്പതിനഞ്ച് പേരും യാത്ര നടത്തി.
യാത്രികരുടെ സുരക്ഷയാണ് ഏറ്റവും വലിയ മുൻഗണനയെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവിധ വകുപ്പുകളുമായും ഹെലികോപ്റ്റർ സർവീസ് നടത്തിപ്പുകാരുമായും ചേർന്ന് നിരവധി അവലോകന യോഗങ്ങൾ നടത്തി. വ്യോമഗതാഗത നിയന്ത്രണം, കാലാവസ്ഥ നിരീക്ഷണം, ആശയവിനിമയ സംവിധാനം, ഹെലികോപ്റ്റർ നിരീക്ഷണം, സുരക്ഷാ പരിശോധന, പരിചയസമ്പന്നരായ പൈലറ്റുമാരെ മാത്രം നിയോഗിക്കൽ തുടങ്ങി നിരവധി നടപടികൾ നടപ്പാക്കി. യാത്രികരുടെ എണ്ണത്തിനും സർവീസുകൾക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയാണ് ഇത്തവണ സർവീസ് നടത്തിയത്. കുന്നിൻപ്രദേശങ്ങളിലെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ഥിരമായ നിരീക്ഷണവും ഏകോപനവും ഉറപ്പാക്കി. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടാണ് മന്ത്രാലയം ആവർത്തിച്ചത്. രാജ്യത്തുടനീളമുള്ള ഹെലികോപ്റ്റർ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികളും തുടരുമെന്നും അറിയിച്ചു.