പ്രധാന വിവരങ്ങൾ
- ചാന്നാങ്കരയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച.
- ബിസ്മി ഐസ് പ്ലാന്റിലാണ് സംഭവം.
- ഒരാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ..
- അഗ്നിശമന സേന ചോർച്ച നിയന്ത്രണത്തിലാക്കി.

News Portal

തിരുവനന്തപുരം, 2026 ജൂൺ 24 –
തിരുവനന്തപുരം ചാന്നാങ്കരയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ചാന്നാങ്കരയിൽ പ്രവർത്തിക്കുന്ന ബിസ്മി ഐസ് പ്ലാന്റിലാണ് സംഭവം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
അമോണിയ ചോർച്ചയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിയിലെ പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയാണ് ചികിത്സയിൽ കഴിയുന്നത്. ചോർച്ചയെത്തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
വാൽവിന്റെ തകരാറാണ് അമോണിയ ചോർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേന സംഘം അടിയന്തരമായി ഇടപെട്ട് വാൽവ് അടച്ച് ചോർച്ച നിയന്ത്രണത്തിലാക്കി. തുടർന്ന് സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.