തിരുവനന്തപുരം: കായിക കേരളത്തിന്റെയല്ല ഭാരതത്തിന്റെയാകെ ഇടനെഞ്ചിൽ കോട്ടയത്തെ കോരുത്തോട് എന്ന കൊച്ചു ഗ്രാമവും തോമസ് മാഷ് എന്ന കായികാധ്യാപകനും ഉണ്ട് എന്നു പറഞ്ഞാൽ അത് അതിശയോക്തിയാകില്ല.
കോരുത്തോട് സി.കേശവൻ മെമ്മോറിയൽ സ്കൂളിലെ മാഷിന്റെ ശിഷ്യർ ലോക കായിക മേളകളിൽ ത്രിവര്‍ണ പതാകയുമായി തലയുയർത്തി നിന്നവരാണ്.
ദ്രോണാചാര്യ പുരസ്കാരം നേടിയ മഹാനായ ആ അധ്യാപകന്റെ ശിഷ്യകളിൽ ഒരാളായ ജിൻസി ഫിലിപ്പ് ഒടുവിൽ ധ്യാൻചന്ദ് പുരസ്കാരത്തിന്റെ നിറവിലേക്ക് എത്തിയിരിക്കുന്നു.
റിലേയിൽ ഇന്ത്യയുടെ എക്കാലത്തെയും കരുത്തായിരുന്നു ഈ നാൽപത്തിമൂന്നുകാരി.
4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടത്തില്‍ പലതവണ ജിൻസി പങ്കാളിയായി. 1998 ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 1999 സാഫ് ഗെയിംസില്‍ സ്വര്‍ണവും നേടി. 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണമണിഞ്ഞു. ലോക ചാമ്ബ്യന്‍ഷിപ്പിലും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും 2000 സിഡ്നി ഒളിമ്ബിക്സിലും ഇന്ത്യന്‍ റിലേ ടീമില്‍ അംഗമായിരുന്നു.
സിആര്‍പിഎഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ ജിന്‍സി മൂന്നു വര്‍ഷമായി സായിയുടെ പരിശീലകയാണ്. ഇപ്പോള്‍ തിരുവനന്തപുരം എല്‍എന്‍സിപിഇയില്‍ പരിശീലനം നല്‍കുകയാണ്. ഒളിമ്ബ്യന്‍ രാമചന്ദ്രനാണ് ഭര്‍ത്താവ്.അഭിഷേക്, എയ്ബല്‍, അതുല്യ എന്നിവരാണ് മക്കള്‍. തിരുവനന്തപുരം കാര്യവട്ടത്താണ് താമസം.

