പ്രധാന വിവരങ്ങൾ
- സ്വകാര്യ ബസുകൾക്കും സഹായം വേണമെന്ന് ആവശ്യം.
- തൃശൂരിൽ ബസുടമകളുടെ യോഗം ചേർന്നു.
- കിലോമീറ്ററിന് 55 രൂപ നൽകണമെന്ന് നിർദേശം.
- അനുകൂല തീരുമാനമില്ലെങ്കിൽ സമര മുന്നറിയിപ്പ്.
- പ്രിയദർശിനി പദ്ധതി തിങ്കളാഴ്ച ആരംഭിച്ചു.

News Portal

തൃശൂർ, 2026 ജൂൺ 15 –
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സഹായം നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നോട്ടുവച്ചു. തൃശൂരിൽ ചേർന്ന യോഗത്തിന് ശേഷമാണ് ബസുടമകളുടെ പ്രതികരണം.
കെഎസ്ആർടിസിക്ക് നൽകുന്ന മാതൃകയിൽ സ്വകാര്യ ബസുകൾക്കും ധനസഹായം നൽകണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും കളക്ഷൻ സർക്കാരിന് കൈമാറാമെന്നും അവർ പറഞ്ഞു. അതല്ലെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്നും അതിനുള്ള തുക സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ഇരു നിർദേശങ്ങളും അംഗീകരിക്കാത്ത പക്ഷം പകുതി വിലയ്ക്ക് ഡീസൽ നൽകുകയോ റോഡ് ടാക്സ് ഒഴിവാക്കുകയോ വേണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ മുതൽ സമരത്തിലേക്ക് പോകേണ്ടി വരുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചത്. തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.