തിരുവനന്തപുരം, 2026 ജൂൺ 15 –
ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി ഇപ്പോഴും ട്രോമയിൽ നിന്ന് മുക്തമായിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കുട്ടിക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായ തുകയുടെ 50 ശതമാനം ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇടുമെന്നും എല്ലാ മാസവും 5,000 രൂപ വീതം നൽകുമെന്നും മന്ത്രി അറിയിച്ചു.
കുട്ടിയുടെ പഠനച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. അതേസമയം, ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മന്ത്രി വിമർശിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജില്ലയിൽ മാത്രം 22 പേർ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നുവെന്നും അന്ന് ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നെങ്കിൽ ഇന്ന് ഈ സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളുടെ ഫലമായി സംസ്ഥാനത്ത് നിരവധി മരണങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിൽ സർക്കാർ കൂടുതൽ ഇച്ഛാശക്തി കാണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.