കൊൽക്കത്ത, 2026 ജൂൺ 14 –
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. പ്രദേശത്ത് രാത്രി സമയത്ത് ഒരാൾ അലഞ്ഞുതിരിയുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് സംഭവം.
ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ കള്ളനാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാൽ ബംഗാളി ഭാഷ അറിയാത്തതിനാൽ സ്വന്തം ഭാഗം വിശദീകരിക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് ആൾക്കൂട്ടം ഇയാളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ശനിയാഴ്ച രാത്രി അന്വേഷണം ആരംഭിച്ച പോലീസ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.