ചങ്ങനാശ്ശേരി, 2026 ജൂൺ 14 –
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ രാത്രികാല അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. നിലവിൽ രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ ഒരു ഡോക്ടർ മാത്രമാണ് സേവനത്തിനുള്ളത്. ഈ സമയത്ത് 60 മുതൽ 150 വരെ രോഗികൾ അത്യാഹിത വിഭാഗത്തിൽ എത്തുന്ന സാഹചര്യമാണ് ഉള്ളത്.
പോലീസ് കേസുകളിലെ പരിശോധനകൾ, അപകടത്തിൽപ്പെട്ടവരുടെ ചികിത്സ, ഗുരുതര രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ പരിചരണം എന്നിവയെല്ലാം ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. നെഞ്ചുവേദന ഉൾപ്പെടെയുള്ള അസുഖങ്ങളുമായി എത്തുന്നവർക്കും അടിയന്തര ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. രോഗികളുടെ തിരക്ക് കൂടുമ്പോൾ മരുന്നിനായി കാത്തുനിൽക്കുന്നവരും നീണ്ട ക്യൂവിൽപ്പെടുന്നുണ്ട്. ഇത് തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നതായും പരാതിയുണ്ട്.
അത്യാഹിത വിഭാഗത്തിൽ നിലവിൽ അഞ്ച് ഡോക്ടർമാരാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ അഞ്ച് ഡോക്ടർമാരെ കൂടി അനുവദിക്കണമെന്നാണ് ആവശ്യം. അസ്ഥിരോഗ വിഭാഗത്തിൽ രണ്ട് തസ്തികകളുണ്ടെങ്കിലും ഒരു ഡോക്ടർ മാത്രമാണ് സേവനത്തിലുള്ളത്. ഗൈനക്കോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലും ഡോക്ടർമാരുടെ കുറവുണ്ട്. ശീതീകരിച്ച മോർച്ചറിയുണ്ടെങ്കിലും ഫോറൻസിക് വിദഗ്ധന്റെ സേവനം ലഭ്യമല്ല. എൻ.എച്ച്.എം വഴി ലഭിച്ചിരുന്ന ജീവിതശൈലി രോഗ ചികിത്സാ സേവനവും ഡോക്ടറെ സ്ഥലംമാറ്റിയതോടെ നിലച്ചതായി പരാതിയുണ്ട്. ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് നിലവിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. കൂടുതൽ എക്സ്-റേ ടെക്നീഷ്യൻമാരെ നിയമിച്ച് 24 മണിക്കൂർ സേവനം ഉറപ്പാക്കണമെന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നുമാണ് ആവശ്യം.

