കാസർകോട്, 2026 ജൂൺ 13 –
കാസർകോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 25 വയസുകാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഏകദേശം ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും പറയുന്നു. സംഭവസമയത്ത് ഭയം കാരണം പെൺകുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല.
അമ്മ വീട്ടിലുണ്ടായിരുന്ന സമയങ്ങളിലും പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി. ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയുമായി സ്നേഹ കണ്ണൂരിലെ ജയിലിൽവച്ചാണ് പരിചയപ്പെട്ടത്. പിന്നീട് സ്നേഹ വീട്ടിൽ താമസിക്കാൻ എത്തിയതായും റിപ്പോർട്ടുണ്ട്. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ പിതാവ് നിലവിൽ പോക്സോ കേസിൽ ജയിലിലാണെന്നും വിവരമുണ്ട്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് സ്നേഹയുടെ അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കൗൺസലിംഗിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ സ്നേഹ മെർലിനെതിരായ പോക്സോ കേസുകളുടെ എണ്ണം നാലായി.
തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ നേരത്തേ മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. 2025 മാർച്ച് 14ന് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ അറസ്റ്റിലായിരുന്നു. ഒരു വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് ആ കേസിലെ പീഡനവിവരവും പുറത്തുവന്നത്.