നെയ്യാറ്റിൻകര, 2026 ജൂൺ 12 –
സംസ്ഥാനത്തെ മികച്ച ഹരിതകർമസേനയ്ക്കുള്ള അഡ്വ. ഷെരീഫ് ഉള്ളത്ത് പുരസ്കാരം നെയ്യാറ്റിൻകര നഗരസഭയിലെ ഹരിതകർമസേനയ്ക്ക് ലഭിച്ചു. നഗരസഭയിലെ പഴയ 44 വാർഡുകളിലായി 88 ഹരിതകർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. പുതുതായി രൂപീകരിച്ച രണ്ട് വാർഡുകളിലേക്ക് ഇതുവരെ ഹരിതകർമസേന പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ല.
ഓരോ വാർഡിലും രണ്ട് ഹരിതകർമസേനാംഗങ്ങൾ വീതമാണ് പ്രവർത്തിക്കുന്നത്. ഇവരെ നാല് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ രണ്ട് ക്ലസ്റ്ററുകളിൽ 12 വാർഡുകൾ വീതവും അടുത്ത രണ്ട് ക്ലസ്റ്ററുകളിൽ 11 വാർഡുകൾ വീതവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹരിതകർമസേനാംഗങ്ങൾക്ക് കൂടുതൽ പ്രൊഫഷണൽ രീതിയിലുള്ള പ്രവർത്തനക്രമവും വരുമാനത്തിലെ സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് എത്തുന്ന ഹരിതകർമസേനാംഗങ്ങൾ ദിവസേന ശരാശരി 40 മുതൽ 62 വരെ വീടുകൾ സന്ദർശിക്കണമെന്നാണ് നിർദേശം. ജോലിയുടെ തുടക്കത്തിൽ ഫോട്ടോയും ഹാജർ രേഖപ്പെടുത്തലും നിർബന്ധമാണ്. 12 ദിവസം കൊണ്ട് വാർഡ് തല ശേഖരണം പൂർത്തിയാക്കുകയും അഞ്ച് ദിവസം റിസോഴ്സ് റിക്കവറി ഫെസിലിറ്റി യൂണിറ്റിൽ ഡ്യൂട്ടി ചെയ്യുകയും വേണം. വീടുകളിൽ നിന്ന് 70 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും യൂസർ ഫീസായി ശേഖരിക്കണമെന്നുമാണ് നിർദേശം.
.