പ്രധാന വിവരങ്ങൾ
- ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് മറികടന്ന് നരേന്ദ്രമോദി ഇന്ത്യയുടെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി.
- മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നു.
- നയതന്ത്ര രംഗത്തും ശാസ്ത്ര-സാങ്കേതിക മേഖലയിലും ഭരണപരിഷ്കാരങ്ങളിലും ഇന്ത്യ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചു.
- ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ നിയമം, സ്ത്രീ സംവരണം തുടങ്ങിയ നിർണായക നിയമനിർമാണങ്ങൾ മോദി ഭരണകാലത്തിന്റെ സവിശേഷതകൾ .
- വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും മറികടക്കാനുള്ള നേതൃത്വശേഷി മോദിയിൽ പ്രകടം
കഴിഞ്ഞദിവസം വരെയും ജവഹർലാൽ നെഹ്റു ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി പ്രവർത്തിച്ചത്. അത് മാറിയിരിക്കുന്നു. 12 വർഷം പിന്നിട്ടുകൊണ്ട് നരേന്ദ്രമോദി ആ റെക്കോർഡ് തിരുത്തുകയാണ്. കൂടുതൽ കാലം ഭരിച്ചു എന്നത് മാത്രമല്ല നരേന്ദ്രമോദിയുടെ 12 വർഷം ഇന്ത്യയിൽ കാര്യമായ ചലനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വളരാൻ വെമ്പുന്ന സ്വപ്നങ്ങളുള്ള ഒരു സമ്പദ്ഘടന എന്ന പദവിയിൽ നിന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നു എന്നതാണ് ലോകം ശ്രദ്ധിച്ച മാറ്റം. യൂറോപ്പിലും അമേരിക്കയിലും ചില പ്രത്യേക പാർട്ടികളിലും ജനപ്രതിനിധികളിലും ഇന്ത്യയുടെ ഈ മുന്നേറ്റം അസഹിഷ്ണുതയായി തന്നെ പുറത്തുവന്നിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര വേദികളിൽ ഉയർത്തിക്കാട്ടിയ നേതാക്കളും ചിന്തകരും ഉണ്ടുതാനും. രണ്ടു കൂട്ടരും ഒരു കാര്യം അടിവരയിടുന്നു. നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യ സാമ്പത്തിക ശക്തിയായി ലോകരംഗത്ത് തലയുയർത്തി. അത് ലോകം തിരിച്ചറിഞ്ഞു. ചിലർ എതിർത്തു, ചിലർ അംഗീകരിച്ചു.
എതിർപ്പുകളും വിമർശനങ്ങളും ആക്ഷേപങ്ങളും ചുറ്റിലും നിറഞ്ഞു നിന്നപ്പോഴാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത്. പക്ഷേ സ്ഥിരതയുള്ള പ്രവർത്തനവും ലക്ഷ്യങ്ങളും കൊണ്ട് അദ്ദേഹം മുഖ്യ കേന്ദ്രമായി പാർട്ടിയിലും രാജ്യത്തിൻറെ രാഷ്ട്രീയത്തിലും മാറി. എതിർക്കുമ്പോഴും അംഗീകരിക്കുമ്പോഴും രണ്ടിന്റെയും കേന്ദ്രം നരേന്ദ്രമോദിയാണ്.
അന്താരാഷ്ട്ര വേദികളിൽ ഇന്നത്തെ ലോക സാഹചര്യത്തിൽ ശ്രദ്ധ പിടിച്ചുപറ്റുക എളുപ്പമല്ല. പക്ഷേ നരേന്ദ്രമോദിക്ക് അത് കഴിഞ്ഞു. മാത്രമല്ല നയതന്ത്ര വിജയങ്ങളിലൂടെ രാജ്യത്തിൻറെ വാക്കുകൾ ലോകം കൂടുതൽ ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അത് പ്രവാസി സമൂഹത്തിന് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.
ശാസ്ത്ര സാങ്കേതിക രംഗത്തും പരിഷ്കാരങ്ങളിലും രാജ്യം ഒരുപാട് മുന്നോട്ട് പോയി. രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച ഭരണഘടനയുടെ 370 ആർട്ടിക്കിൾ റദ്ദാക്കിയത്, പൗരത്വ നിയമം, സ്ത്രീ സംവരണം ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ -അങ്ങനെ വിവാദങ്ങളും ഒപ്പം അടിമുടി മാറ്റങ്ങൾ സൃഷ്ടിക്കുന്നതും ആയ നിയമനിർമാണങ്ങളുടെ കാലം കൂടിയാണിത്.
ആഭ്യന്തര സുരക്ഷാസംബന്ധിച്ചും അതിർത്തി പ്രകോപനങ്ങളെ നേരിടുന്നതിലും രാജ്യത്തിനുള്ളിൽ മാത്രമല്ല പുറത്തും ഭരണനടപടികൾ ഉണ്ടായി. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ബിജെപിയുടെ രാഷ്ട്രീയ അധികാരം വ്യാപിപ്പിക്കുന്നതിൽ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദിയുടെ പങ്ക് വളരെ വലുതാണ്. സമ്പത്ത് വർദ്ധിപ്പിക്കുക അതിന് രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരുടെ കഴിവിനെ തട്ടി ഉണർത്തുക എന്നതിലൂടെ ദേശീയതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും മുഖമായി പ്രധാനമന്ത്രിക്ക് മാറാൻ കഴിഞ്ഞു.
ആഗോളവൽക്കരണം അതിശക്തമായ ദേശീയ സമ്പദ് ഘടനയ്ക്ക് വേണ്ടിയുള്ള ദാഹമാണ് ലോകത്ത് സൃഷ്ടിച്ചത്. ആഗോളവൽക്കരണത്തിലൂടെ അമേരിക്കയും യൂറോപ്പുമടങ്ങുന്ന ശക്തികൾ ലോകത്തിന്റെ മേൽ മേധാവിത്വം സ്ഥാപിക്കും എന്ന് കരുതിയിരുന്നടുത്ത് തിരുത്തലുകൾ ഉണ്ടായിരിക്കുന്നു. ആഗോളവൽക്കരണം ആഗോള ശക്തികളെ സൃഷ്ടിക്കുകയല്ല ചെയ്തത്. അതിശക്തമായ ദേശീയ സമ്പദ്ഘടന ഉണ്ടാക്കുവാനുള്ള പരിശ്രമം ലോകത്തു മുഴുവൻ കെട്ടഴിച്ചു വിട്ടു. യൂറോപ്പും അമേരിക്കയും അവരവരുടെ ദേശീയ സാമ്പത്തിക താൽപര്യങ്ങളെ കുറിച്ച് പരസ്യമായി പറയുന്നു. ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയും എല്ലാം അതേ വഴിയിലാണ്. ആ വഴി ഇന്നത്തെ ലോകത്തിൻറെ ക്രമമാണ്. അവിടെ സ്വദേശിവിചാരവും ആത്മനിർഭരതയും രാഷ്ട്രീയ തത്വശാസ്ത്രവും സാമ്പത്തിക മാർഗ്ഗദർശനവും ആണ്. അതു രണ്ടിന്റെയും വക്താവാകാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞിരിക്കുന്നു.
രാജ്യം എല്ലാം നേടിയെന്ന് ആരും അവകാശപ്പെടുന്നില്ല. പോകുവാൻ ഒരുപാട് ദൂരങ്ങൾ ഉണ്ട് എന്ന് ഓരോ ദിവസവും ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഇരിക്കുന്നത്. കാർഷിക മേഖല തൊഴിൽ യുവജന സ്വപ്നങ്ങൾ അവരുടെ ഭാവി. അങ്ങനെ പലതും പൂർത്തിയാകാത്തതായി ഉണ്ട്. അടിയന്തര പ്രാധാന്യമുള്ളവയും ആണ്. കർഷക സമരങ്ങൾ യുവജന അസംതൃപ്തികൾ എല്ലാം വെല്ലുവിളികളാണ്.
പക്ഷേ അവയെല്ലാം പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷ ദൃശ്യമാണ്. ആഗോളവൽക്കരണം സൃഷ്ടിച്ച അന്താരാഷ്ട്ര സഹകരണത്തിൽ നിന്ന് അവനവൻറെ രാജ്യത്തിൻറെ പുരോഗതിയെ പറ്റിയുള്ള ആകുലതകളും വ്യഗ്രതകളും ഉള്ള ലോകത്തിലേക്കുള്ള സംക്രമണമാണ് നടക്കുന്നത്. ആ സംക്രമണ കാലഘട്ടത്തിന്റെ വികാരങ്ങളെ ഉൾക്കൊള്ളുന്ന ഭരണാധികാരി ആകാൻ കഴിയുന്നു എന്നതാണ് നരേന്ദ്രമോദിയുടെ ശക്തി.
മോദിയുടെ ദേശീയ ബോധവും ദേശീയ മുന്നേറ്റത്തിന് വേണ്ടിയുള്ള ദാഹവും പ്രതിപക്ഷ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാണ്. അതിനെ സ്വീകരിക്കുവാനും ഏറ്റുപറയുവാനും വയ്യ. എതിർക്കുമ്പോൾ അവർ മറു പക്ഷത്താവുന്നു. അറിയാതെ തന്നെ ദേശവിരുദ്ധരാണോ അവരൊക്കെ എന്ന് സമൂഹം സംശയിക്കുന്ന വിധം ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
നരേന്ദ്രമോദി എന്ന രാഷ്ട്രീയ തന്ത്രജ്ഞനെക്കാൾ ദേശഭക്തനായ ഒരാളുടെ സമർപ്പിതമായ പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തിന്റെയും എതിരാളികളുടെയും നീക്കങ്ങളെ നിഷ്പ്രഭമാക്കുന്നത്.

