അഹമ്മദാബാദ് (ഗുജറാത്ത്), ജൂൺ 10, 2026:
ദക്ഷിണേഷ്യയിലെ ഭക്ഷ്യസംവിധാനങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നാൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപ സാധ്യതകളും സൃഷ്ടിക്കാനാകുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മന്ത്രാലയവും ലോകബാങ്ക് നേതൃത്വത്തിലുള്ള സാപ്ലിംഗ് സംരംഭവും ചേർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച ഉന്നതതല നയസംവാദത്തിലാണ് ഈ വിലയിരുത്തൽ അവതരിപ്പിച്ചത്.
ഈ നയസംവാദം ജൂൺ 9-ന് അഹമ്മദാബാദിലാണ് ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, വികസന പങ്കാളികൾ തുടങ്ങി ഏകദേശം 200 പേർ പങ്കെടുക്കുന്നുണ്ട്.
ലോകബാങ്ക് ഗ്രൂപ്പും ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മന്ത്രാലയവും SAPLING സംരംഭവും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ, നിക്ഷേപകർ, വ്യവസായ മേഖല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയും ഈ ചർച്ചകളിൽ പങ്കാളികളാണ്.
കാർഷിക ഉൽപാദനം മാത്രം വർധിപ്പിക്കുന്നതിൽ നിന്ന് മാറി ഭക്ഷ്യസംസ്കരണം, സംഭരണം, ശീതശൃംഖല, ലോജിസ്റ്റിക്സ്, വിപണനം, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ 30 ശതമാനത്തിലധികം ഓരോ വർഷവും നഷ്ടപ്പെടുകയോ പാഴാകുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.
ദക്ഷിണേഷ്യയിലെ കാർഷികമേഖലയുടെ വാർഷിക മൂല്യം 700 ബില്യൺ ഡോളറിലേറെയാണ്. ഇന്ത്യയിൽ ഭക്ഷ്യധാന്യ ഉൽപാദനം 1950-51 ലെ 51 ദശലക്ഷം ടണ്ണിൽ നിന്ന് ഇന്ന് 330 ദശലക്ഷം ടണ്ണിലേറെയായി ഉയർന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയും ഇരട്ടിയിലധികമായി വർധിച്ചു. പ്രധാനമന്ത്രി കിസാൻ സമ്പദ യോജന,പിഎംഎഫ്എംഇ.പദ്ധതി, പി.എൽ.ഐ പദ്ധതി തുടങ്ങിയവ ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ മേഖലയെ ശക്തിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യസംസ്കരണ മേഖല കൂടുതൽ വികസിച്ചാൽ തൊഴിൽ, കയറ്റുമതി, നിക്ഷേപം, കർഷകവരുമാനം എന്നിവയിൽ വലിയ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.