തിരുവനന്തപുരം, 2026 ജൂണ്‍ 9 –
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സ്വയംവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ ഈ വിഷയം സ്വയംവിമര്‍ശനമായി ഉയര്‍ത്തിയെന്നും അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ ശക്തമായി പ്രതിരോധിച്ചില്ലെന്ന ധാരണ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടതായും വിലയിരുത്തല്‍. വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നെങ്കിലും അതിനെതിരെ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ പോരായ്മയുണ്ടായെന്നാണ് സ്വയംവിമര്‍ശനം.
മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടി നേരത്തേ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ വീഴ്ച സംഭവിച്ചതായി ഉള്‍ക്കൊള്ളുന്നുവെന്ന വിലയിരുത്തലും പ്രതികരണത്തിലുണ്ട്.