ആലപ്പുഴ, 2026 ജൂൺ 7 –
ആലപ്പുഴയിൽ നടന്ന തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സിപിഎം മുതിർന്ന നേതാവ് ജി. സുധാകരൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ചു. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ നിലവിലെ പ്രകടനം നിരാശാജനകമാണെന്നും പിണറായി വിജയൻ വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണെന്നുമാണ് അദ്ദേഹം പരിഹസിച്ചത്.
നിയമസഭയിൽ പ്രതിപക്ഷത്തിന് ശക്തമായി പ്രതികരിക്കാൻ പോലും കഴിയുന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കെ.എൻ. ബാലഗോപാലിന് ഇപ്പോൾ സഭയിൽ മിണ്ടാട്ടമില്ലെന്നും വി.ഡി. സതീശനെതിരെ സംസാരിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ മറുപടി പറയുമായിരുന്നുവെന്നും ഇപ്പോഴത്തെ സഭാ പ്രകടനത്തിൽ തനിക്ക് വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷവും വലത്തോട്ട് മുണ്ടുടുത്താൽ മാത്രം വലതുപക്ഷവും ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന് സമൂഹത്തിലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് ജി. സുധാകരന്റെ വിലയിരുത്തൽ. അടുത്തകാലത്തൊന്നും പാർട്ടി മെച്ചപ്പെടാൻ പോകുന്നില്ലെന്നും ജനസ്വീകാര്യതയുള്ള യുവജന നേതാക്കൾ നിലവിൽ സിപിഎമ്മിലില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കോൺഗ്രസിന് ഇപ്പോൾ കേരളത്തിൽ സുവർണകാലഘട്ടമാണെന്നും കോൺഗ്രസിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി മുസ്ലിം ലീഗാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഊന്നുവടിയിൽ നടക്കുന്ന സിപിഎമ്മാണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.