ചാലക്കുടി | മേയ് 29
ഇന്ധനവില വർധനവിനെതിരെ ചാലക്കുടി പരിയാരത്ത് സിപിഐയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം നടന്നു. പാഷൻ പ്രോ ബൈക്ക് കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. പൂവത്തിങ്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സൊസൈറ്റി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധത്തിന്റെ ഭാഗമായി ബൈക്ക് കത്തിക്കുകയായിരുന്നു.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി എം ടെൻസനാണ് ബൈക്ക് കത്തിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. ലോക്കൽ സെക്രട്ടറി കെ ആർ സജീവൻ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.
ഇന്ധനവില തുടർച്ചയായി ഉയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പെട്രോൾ, ഡീസൽ വിലവർധന കാരണം യാത്രാചെലവും നിത്യജീവിതച്ചെലവും കുത്തനെ കൂടിയെന്ന വിമർശനവും പ്രതിഷേധത്തിൽ ഉയർന്നു.
വി കെ സുനിൽകുമാർ, ഷൈനി അശോകൻ, നൈനതാര ചാത്തൻ, കെ ജെ തോമസ്, ആന്റു കളത്തിങ്കൽ, അക്ഷയ് സുരേഷ്, സുജിത് പി എസ് തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
സംസ്ഥാനത്തുടനീളം ഇന്ധനവിലക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പരിയാരത്തെ ഈ പ്രതിഷേധവും ശ്രദ്ധ നേടുന്നത്.