കോഴിക്കോട് | മേയ് 29
കോഴിക്കോട് അത്താണിയിൽ ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം താമസിക്കുന്ന അലംകൃതയാണ് മരിച്ചത്.
മീത്തലെ ചാലയ്ക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ ഇളയമകളാണ് അലംകൃത. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വീട്ടിലെ ഡൈനിംഗ് ടേബിളിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്.
ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കുട്ടി ബോധരഹിതയായി നിലത്ത് കിടക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെ കുട്ടിയുടെ മരണം സംഭവിച്ചു. അപകടം കുടുംബത്തെയും നാട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
വീട്ടിനുള്ളിലെ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്ന ഓർമ്മപ്പെടുത്തലായും ഈ സംഭവം മാറുകയാണ്. വീട്ടുപകരണങ്ങൾക്കരികിൽ കുട്ടികളെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം വീണ്ടും ചർച്ചയാക്കുന്നു.
ആരുഷ് ആണ് അലംകൃതയുടെ സഹോദരൻ.