.
തിരുവനന്തപുരം| അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു.. ജില്ലാ ഹബ്ബുകളിലേക്കുളള നീക്കം പുരോഗമിക്കുകയാണെന്നും മെയ് 30ന് മുന്‍പായി സ്കൂളുകളില്‍ പുസ്തകമെത്തുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്കയുണ്ട്. സീറ്റുകളുടെ കുറവുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അടക്കം നടത്തിയിട്ട് അലോട്ട്മെന്റ് ആരംഭിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്നുതന്നെ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു..
സിബിഎസ്ഇ പരീക്ഷാഫല പ്രതിസന്ധി
സിബിഎസ്ഇ പരീക്ഷാഫല പ്രതിസന്ധിയിലും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരും സിബിഎസ്ഇ ബോര്‍ഡുമാണ് ചുമതലയിലുളളത്. പക്ഷെ അത് നമ്മുടെ കുട്ടികളെയും ബാധിക്കുന്നുണ്ട്. മൂല്യനിര്‍ണയത്തില്‍ അശ്രദ്ധയും ജാഗ്രത കുറവുമുണ്ടായി. ആശങ്കയും ബുദ്ധിമുട്ടും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പുനര്‍ മൂല്യനിര്ണയത്തിനുളള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഭീമമായ ഫീസ് ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു..
ചില സ്ഥലങ്ങളില്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. പുറത്തിറങ്ങിയ രണ്ട് ഉത്തരവുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. പ്രശ്നത്തിന് ഇന്ന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി..