റോം | ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാനമായ റോമില്‍ വന്‍ വരവേല്‍പ്പ്. അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പദ്ധതിയുടെ ഭാഗമായിട്ടാണ് മോദി ഇറ്റലിയിലെത്തിയത് .യു എ ഇ, നെതര്‍ലന്‍ഡ്സ്, സ്വീഡന്, നോര്‍വേ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്.
ഇറ്റാലിയന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനിയുടെ നേതൃത്വത്തിൽ മോദിക്ക് വിമാനത്താവളത്തില്‍ വൻ വരവേൽപ്പുനൽകി . പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി നിര്‍ണായക ചര്‍ച്ചകൾ .
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി മോദി നിര്‍ണായക ചര്‍ച്ച നടത്തും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ഊര്‍ജിതപ്പെടുത്തുന്നതിനായുള്ള തന്ത്രപരമായ സംയുക്ത പ്രവര്‍ത്തന പദ്ധതി (2025-29) പ്രാവര്‍ത്തികമാക്കുന്നതിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) വിഷയത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയാവും.
പ്രതിരോധം, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ടെക്നോളജി, ഉത്പാദന- വിതരണ ശൃംഖല തുടങ്ങിയവയും ചർച്ചയിൽ വരും
സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ പോലെ അടുത്തിടെ രൂപംകൊടുത്ത കാര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുറമെ, പ്രതിരോധം, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ടെക്നോളജി, ഉത്പാദനം, വിതരണ ശൃംഖല തുടങ്ങിയവയിലെ തന്ത്രപ്രധാന പങ്കാളിത്തം വിപുലപ്പെടുത്തുകയും വ്യവസായ പങ്കാളിത്തം, സാങ്കേതിക മേഖലയിലെ സഹകരണം എന്നിവ ഊര്‍ജിതമാക്കുകയും മോദിയുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യങ്ങളാണ്. .