.
കൊൽക്കത്ത | പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചു. ഡയമണ്ട് ഹാർബർ, മഗ്രാഹത്ത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ നിശ്ചിത പോളിംഗ് സ്റ്റേഷനുകളിലാണ് ഇന്ന് (മെയ് 2) വീണ്ടും വോട്ടെടുപ്പ് നടക്കുക.
ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി
മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് റീപോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന റിട്ടേണിംഗ് ഓഫീസർമാരുടെയും ഒബ്സർവർമാരുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്ഷൻ 58(2) പ്രകാരം ഏപ്രിൽ 29 ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.
മെയ് 4 നാണ് വോട്ടെണ്ണൽ നടക്കുക.
ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. റീപോളിംഗിനെക്കുറിച്ച് പോളിംഗ് പരിധിയിൽ ഉച്ചഭാഷിണിയിലൂടെയും മറ്റും കൃത്യമായ പ്രചാരണം നൽകണമെന്നും സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 92.47 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മെയ് 4 നാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. .