തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ശ്രീക്കുട്ടൻ(25) ആണ് മരിച്ചത്. ഒന്നാം പാപ്പാൻ അമലിന് ഗുരുതര പരിക്കുണ്ട്. ഏപ്രിൽ 1 വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആനയെ ക്ഷേത്രപരിസരത്ത് തളച്ചിരുന്നു. എന്നാൽവെളളി്യാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന പാപ്പാന്മാരെ ആക്രമിക്കുകയായിരുന്നു.
ആനക്കലിയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം രണ്ടായി
അതേസമയം ഇതോടെ ആനക്കലിയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം രണ്ടായി. അങ്കമാലി കിടങ്ങൂരിൽ ക്ഷേത്രത്തിലെത്തിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്.സംഭവത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പിന്നീട് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ മയക്കുവെടിവച്ചാണ് തളച്ചത്.


