അബൂദബി | ആറ് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വം അവസാനിപ്പിച്ചുകൊണ്ട്, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്നും ഒപെക് പ്ലസ് സഖ്യത്തില്‍ നിന്നും പുറത്തുപോകാന്‍ യുഎഇ തീരുമാനിച്ചു. മെയ് 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെ ഉല്‍പ്പാദന നയങ്ങളും ശേഷിയും പുനഃപരിശോധിച്ച ശേഷമാണ് നിര്‍ണ്ണായക നീക്കം. അറേബ്യന്‍ ഗള്‍ഫിലെയും ഹോര്‍മുസ് കടലിടുക്കിലെയും തടസ്സങ്ങള്‍ ഉള്‍പ്പെടെയുള്ള ഹ്രസ്വകാല അസ്ഥിരതകള്‍ വിതരണ രീതികളെ ബാധിക്കുന്നുണ്ടെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഗോള ഊര്‍ജ്ജ ആവശ്യകതയില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് പ്രകടമാകുന്നതെന്ന് യുഎഇ പ്രസ്താവനയില്‍ പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകള്‍ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും നിറവേറ്റുന്നതിനായി തങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും യുഎഇ വ്യക്തമാക്കി. ഒരു ആഗോള ഊര്‍ജ്ജ വ്യവസ്ഥിതി നിലകൊള്ളുന്ന പ്രധാന തൂണുകളായ സ്ഥിരത , താങ്ങാനാവുന്ന വില , സുസ്ഥിരത എന്നിവയ്ക്കാണ് യുഎഇ മുന്‍ഗണന നല്‍കുന്നത്- പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു
ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് യുഎഇ ഊര്‍ജ്ജമന്ത്രി
ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യുഎഇ ഊര്‍ജ്ജമന്ത്രി എക്സില്‍ കുറിച്ചു. ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള യുഎഇയുടെ തീരുമാനം നയപരമായ വികാസങ്ങളും വിപണിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ്. വര്‍ഷങ്ങളായി ഞങ്ങളോട് സഹകരിച്ച ഒപെക്കും അംഗരാജ്യങ്ങള്‍ക്കും നന്ദി- മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയി പറഞ്ഞു .
ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി യുഎഇ നിലകൊള്ളും
എണ്ണ ഉല്‍പാദനത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി യുഎഇ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഇറാന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, യു എസ് വേണ്ടത്ര സംരക്ഷണം നല്‍കുന്നില്ലെന്ന വിമര്‍ശനം യുഎഇ നേരത്തെ ഉന്നയിച്ചിരുന്നു.
ഉല്‍പ്പാദക രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ശക്തമാക്കുന്നതിൽ യുഎഇയുടെ സജീവമായ പങ്ക്
1967ല്‍ അബുദാബി വഴിയാണ് യുഎഇ ഒപെകില്‍ അംഗമായത്. 1971-ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകൃതമായ ശേഷവും ഈ അംഗത്വം തുടര്‍ന്നു. ഈ കാലയളവിലുടനീളം, ആഗോള എണ്ണ വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിലും ഉല്‍പ്പാദക രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ശക്തമാക്കുന്നതിലും യുഎഇ സജീവമായ പങ്കാണ് വഹിച്ചത്.
കൂടുതല്‍ സ്വതന്ത്രമായും വേഗത്തിലും പ്രതികരിക്കാന്‍ ഇത് യുഎഇയെ പ്രാപ്തമാക്കും
എങ്കിലും, ഇപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനം രാജ്യത്തിന്റെ നയപരമായ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിപണിയിലെ ചലനങ്ങളോട് കൂടുതല്‍ സ്വതന്ത്രമായും വേഗത്തിലും പ്രതികരിക്കാന്‍ ഇത് യുഎഇയെ പ്രാപ്തമാക്കും. അതോടൊപ്പം തന്നെ, മിതമായതും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി യുഎഇ തുടര്‍ന്നും സംഭാവനകള്‍ നല്‍കും. രാജ്യത്തിന്റെ ദീര്‍ഘകാല തന്ത്രപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങളും, ആഭ്യന്തര ഊര്‍ജ്ജ ഉല്‍പ്പാദനത്തിലെ വലിയ തോതിലുള്ള നിക്ഷേപങ്ങളും തീരുമാനത്തിന് പിന്നിലുണ്ട്.
ആഗോള ഊര്‍ജ്ജ വിപണികളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുമായി രാജ്യം തുടര്‍ന്നും പ്രവര്‍ത്തിക്കും
ഒപെകില്‍ നിന്ന് പുറത്തുപോയതിനെത്തുടര്‍ന്ന്, വിപണിയിലെ ആവശ്യകതയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഘട്ടം ഘട്ടമായും മിതമായ രീതിയിലും അധിക ഉല്‍പ്പാദനം വിപണിയിലെത്തിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് യുഎഇ പ്രസ്താവിച്ചു.സാമ്പത്തിക വളര്‍ച്ചയെയും വൈവിധ്യവല്‍ക്കരണത്തെയും പിന്തുണയ്ക്കുന്നതിനും ആഗോള ഊര്‍ജ്ജ വിപണികളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുമായി രാജ്യം തുടര്‍ന്നും പ്രവര്‍ത്തിക്കും. ആഗോള വിതരണവും ആവശ്യകതയും കണക്കിലെടുത്ത്, ഉത്തരവാദിത്തവും വിപണിയിലെ സ്ഥിരതയുമായിരിക്കും ഉല്‍പ്പാദന നയങ്ങളുടെ പ്രധാന മാനദണ്ഡമെന്നും യുഎഇ കൂട്ടിച്ചേര്‍ത്തു.


