തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. സാമ്പത്തിക വർഷം അവസാനിച്ചിട്ടും പഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ മൂന്നാം ഗഡു മുടങ്ങിയെന്ന ആരോപണം ശക്തമായി. ഇതോടെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. 2150 കോടി രൂപയാണ് മൂന്നാം ഗഡുവായി പഞ്ചായത്തുകൾക്ക് നൽകേണ്ടത്. ഏപ്രിൽ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായി മൂന്നു ഗഡുക്കളായാണ് വികസന ഫണ്ട് സർക്കാർ പഞ്ചായത്തുകൾക്ക് നൽകുന്നത്.
മൂന്നാം ഗഡുവിന് ഫണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല
ആദ്യഗഡു 2150 കോടി ഏപ്രിലിൽ നൽകി. രണ്ടാം ഗഡു 2150 കോടി ഓഗസ്റ്റിൽ നൽകേണ്ടതിനു പകരം ഒക്ടോബറിലാണ് നൽകിയത്. ഡിസംബറിൽ നൽകേണ്ട മൂന്നാം ഗഡുവിന് ഫണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പഞ്ചായത്തുകളുടെ വികസനഫണ്ട് മുടങ്ങുന്ന സാഹചര്യം രൂപപ്പെട്ടത് പഞ്ചായത്തുകളുടെ വികസനഫണ്ട് വകമാറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന വാദവും ഉയരുന്നുണ്ട്.
