ന്യൂഡൽഹി: പാറ്റ്ന – ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ കടുത്ത നടപടി. ഐആർസിടിസിക്കു പത്ത് ലക്ഷം രൂപയും ഭക്ഷണവിതരണ കരാറെടുത്ത കമ്പനിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കരാർ കമ്പനിയായ ‘കൃഷ്ണ എന്റർപ്രൈസസിനെ’ കരിമ്പട്ടികയിൽ പെടുത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു.
ഒരു സംഘം യാത്രക്കാർക്കാണ് രാത്രി ഭക്ഷണത്തോടൊപ്പം തൈരിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കിട്ടിയത്
മാർച്ച് 15-നാണ് സംഭവം നടന്നത്. പാറ്റ്നയിൽനിന്നു ടാറ്റാനഗറിലേക്കു യാത്ര ചെയ്തിരുന്ന ഒരു സംഘം യാത്രക്കാർക്കാണ് രാത്രി ഭക്ഷണത്തോടൊപ്പം നൽകിയ പാക്കറ്റ് തൈരിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കിട്ടിയത്. യാത്രക്കാരിലൊരാളായ റിതേഷ് സിംഗ് ഇതിന്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ക്ഷണത്തിലുണ്ടായിരുന്നത് ‘കുങ്കുമപ്പൂവ്’ ആണെന്ന് ജീവനക്കാർ
പരാതിപ്പെട്ടപ്പോൾ ഭക്ഷണത്തിലുണ്ടായിരുന്നത് ‘കുങ്കുമപ്പൂവ്’ ആണെന്നു പറഞ്ഞ് ജീവനക്കാർ തടിതപ്പാൻ ശ്രമിച്ചുവെന്നും യാത്രക്കാർ ആരോപിക്കുന്നു. എന്നാൽ, പിന്നീടു നടത്തിയ പരിശോധനയിൽ തൈര് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ആദ്യം ഐആർസിടിസി കരാറുകാരന് 25,000 രൂപ മാത്രമാണ് പിഴ ചുമത്തിയിരുന്നത്. എന്നാൽ പരാതിയുടെ ഗൗരവം പരിഗണിച്ച് റെയിൽവേ ബോർഡ് ഇടപെടുകയും പിഴ തുക 50 ലക്ഷമായി വർധിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ശരിയായ മേൽനോട്ടം വഹിക്കാത്തതിനാണ് ഐആർസിടിസിക്കു പത്തു ലക്ഷം രൂപ പിഴയിട്ടത്.
