തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 8.10-ഓടെയുണ്ടായ അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ശശി, ഭാര്യ ചന്ദ്രകുമാരി എന്നിവർ അകത്തെ മുറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ അയൽവാസികളായ ബിജുവും ശശിധരൻ നായരും ചേർന്ന് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സുനിത ദേവിയുടെ ഉടമസ്ഥതയിലുള്ള ഷീറ്റ് മേഞ്ഞ വീടാണ് അപകടത്തിൽപ്പെട്ടത്.
കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
വീടിനുള്ളിലെ പ്രാർത്ഥനാ മുറിയിൽ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിയിലെ തുണികളിലേക്ക് ആളിപ്പടർന്ന തീ നിമിഷങ്ങൾക്കകം ഫർണിച്ചറുകളിലേക്കും തടിയിൽ നിർമ്മിച്ച കഴുക്കോലുകളിലേക്കും മേൽക്കൂരയിലേക്കും വ്യാപിക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, ചെമ്പ്, സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ എന്നിവയെല്ലാം തീയിൽ കത്തിച്ചാമ്പലായി. പഴയ രീതിയിൽ തടി ഉപയോഗിച്ച് നിർമ്മിച്ച തട്ടും മേൽക്കൂരയുമായതിനാൽ തീ വളരെ വേഗത്തിലാണ് പടരുകയായിരുന്നു
