റായ്പുർ: ഛത്തീസ്ഗഡിൽ കറുപ്പ് കൃഷി ചെയ്ത ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി പ്രാദേശിക നേതാവും ബിജെപി കിസാൻ മോർച്ചയുടെ റൈസ് മിൽ പ്രോസസിംഗ് പ്രോജക്ടിന്റെ സംസ്ഥാന കൺവീനറുമായ വിനയ് തമ്രാകറിനെതിരെയാണ് നടപടി.ദുർഗ് ജില്ലയിൽ സമോദ ഗ്രാമത്തിലെ ഫാം ഹൗസിലാണ് ഒന്നര ഏക്കറിലധികം സ്ഥലത്ത് കറുപ്പ് കൃഷി ചെയ്തതായി കണ്ടെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വമാണ് വിനയ് തമ്രാകറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കറുപ്പ് കൃഷി കണ്ടെത്തിയ ഭൂമി തന്റേതല്ലെന്ന് തമ്രാകർ
പാർട്ടിയുടെ പേരിന് കളങ്കം സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു തമ്രാകറിനെതിരെ സംസ്ഥാന പ്രസിഡന്റ് കിരൺ സിംഗ് ദിയോയുടെ നിർദേശപ്രകാരം ബിജെപി സംസ്ഥാന ഓഫീസ് മാർച്ച് 8 ശനിയാഴ്ച സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. കറുപ്പ് കൃഷി കണ്ടെത്തിയതിന് പിന്നാലെ വിനയ് തമ്രാകർ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കറുപ്പ് കൃഷി കണ്ടെത്തിയ ഭൂമി തന്റേതല്ലെന്നും തനിക്ക് ഇതേ കുറിച്ച് അറിവില്ലെന്നുമാണ് വിനയ് തമ്രാകറുടെ വാദം.
