കൊച്ചി : പോലീസ് കേസുകളിൽ പ്രതിയായതുകൊണ്ട് ഒരാളെ ഇന്ത്യൻ നിയമ വ്യവസ്ഥിതി കുറ്റക്കാരനായി കാണുന്നില്ലെന്നും അതിനാൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ വാമനപുരം എംഎൽഎ ഡി.കെ മുരളി കേരള നിയമസഭ സ്പീക്കർക്ക് നൽകിയ പരാതിയിൽ നിയമസഭ പ്രിവിലേജ് എത്തിക്സ് കമ്മിറ്റിയുടെ കുറ്റവിചാരണ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ ഹർജിയിൽ സ്പീക്കർ തീരുമാനം എടുക്കുന്നതിന് മുമ്പ് വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തെ കുറ്റക്കാരനായി വിചാരണ കോടതി ഇത് വരെ കണ്ടെത്തിട്ടില്ല
ലൈംഗിക പീഡനകേസിൽ കസ്റ്റഡിയിലായതോടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമസഭ നടപടി ആവശ്യപ്പെട്ട് വാമനപുരം എംഎൽഎ ഡി.കെ മുരളി നല്കിയ കത്ത് സ്പീക്കർ നിയമസഭ സെക്രട്ടറിയുടെ നിയമോപദേശം വാങ്ങി പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയ്ക്ക് കൈമാറുകയും തുടർനടപടികൾ പുരോഗമിക്കുന്നു. വിചാരണ കോടതി കുറ്റക്കാരനായി രാഹുൽ മാങ്കൂട്ടത്തെ ഇത് വരെ കണ്ടെത്തിട്ടില്ലെന്നും അതിനാൽ പോലീസ് കേസിനെ അടിസ്ഥാനപ്പെടുത്തി നിയമസഭയ്ക്ക് പുറത്ത് ഉള്ള വ്യക്തി നല്കിയ പരാതിയിൽ എടുത്ത കേസിന്റെ മറവിൽ നിയമസഭ അംഗത്തെ നിയമസഭയിൽ കുറ്റവിചാരണ നടത്തുവാൻ ഡി.കെ മുരളി നല്കിയ കത്ത് എത്തിക്സ് കമ്മിറ്റിയ്ക്ക് കൈമാറി നിയമസഭ സെക്രട്ടറിയുടെ നടപടി തെറ്റാണെന്നും അതിനാൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ എത്തിക്സ് കമ്മിറ്റിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിങ് സ്പീക്കർക്ക് പരാതി നല്കിയിരുന്നു. പ്രസ്തുത പരാതിയിൽ തീരുമാനം നിയമസഭ ഇത് വരെ എടുത്തിട്ടില്ലെന്ന് കാണിച്ചാണ് പൊതു താല്പര്യ ഹർജി ഹൈക്കോടതിയിൽ എത്തിയത്.
ഹർജി ഹൈക്കോടതി നിരസ്സിച്ചു.
അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതിയിൽ തീരുമാനമെടുക്കേണ്ടത് നിയമസഭ സെക്രട്ടറിയേറ്റ് ആണെന്നും ഇതിനായി നിയമസഭയ്ക്ക് മേൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി ഹർജി ഹൈക്കോടതി നിരസ്സിച്ചു. ചീഫ് ജസ്റ്റിസ് സൗമെൽ സെൻ, ജസ്റ്റിസ് ഡി.എം ശ്യാംകുമാർ എന്നിവരാണ് ഹർജി പരിശോധിച്ചത്. രാഹുൽ മാങ്കൂട്ടത്തെ കുറ്റക്കാരനായി കണ്ടെത്തിയതായി 3 കേസുകളിലും പോലീസ് ഇത് വരെ അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തിട്ടില്ല.
നിയമസഭ സെക്രട്ടറി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നിയമോപദേശം നല്കി
വിചാരണ കോടതിയാണ് രാഹുൽ മാങ്കൂട്ടം കുറ്റക്കാരനാണോ അല്ലയോയെന്ന് കണ്ടെത്താനുള്ളത്. വിചാരണ കോടതി കുറ്റക്കാരനായി കണ്ടെത്താത്ത സാഹചര്യത്തിൽ നിയമസഭയ്ക്ക് പോലീസ് കേസിനെ മറയാക്കി രാഹുൽ മാങ്കൂട്ടത്തെ കുറ്റവിചാരണ ചെയ്യുവാൻ കഴിയില്ലെന്നും ഡി.കെ മുരളി എംഎൽഎയുടെ കത്തിൽ നിയമസഭ സെക്രട്ടറി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നിയമോപദേശമാണ് നല്കിയതെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ഹർജിയിൽ ആരോപിച്ചിരുന്നു
