ന്യൂഡൽഹി | ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയത്തിൽ ഗൂഢാലോചനയോ ക്രിമിനൽ താൽപ്പര്യമോ ഉണ്ടായിരുന്നില്ലെന്ന് റൗസ് അവന്യൂ കോടതി നിരീക്ഷിച്ചു. കേസിലെ മറ്റ് 23 പ്രതികൾക്കെതിരെയും തെളിവുകളില്ലെന്ന് സ്പെഷ്യൽ ജഡ്ജി ജിതേന്ദർ സിംഗ് വ്യക്തമാക്കി. വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട കെജ്രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു.
ദൈവം തങ്ങൾക്കൊപ്പമുണ്ടെന്ന് കേജ്രിവാൾ
തങ്ങൾ എന്നും പറഞ്ഞിരുന്നത് സത്യം ഒടുവിൽ ജയിക്കുമെന്നാണ്. ഒരു മുഖ്യമന്ത്രിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ജയിലിലിടുകയാണ് ഉണ്ടായത്. തങ്ങൾക്കെതിരെ ചെളിവാരി എറിയാനാണ് അന്വേഷണ ഏജൻസികൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ അങ്ങേയറ്റം സത്യസന്ധനാണെന്നും ദൈവം തങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് വിചാരണ കോടതി
സിബിഐ സമർപ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്നും പ്രതികൾക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥർ ഉപയോഗിച്ച സൗത്ത് ഗ്രൂപ്പ് എന്ന പ്രയോഗത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ വാക്ക് ഉപയോഗിച്ചതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും ആരാണ് ഇത് രൂപപ്പെടുത്തിയതെന്നും കോടതി ചോദിച്ചു. സി ബി ഐ കെട്ടിച്ചമച്ച ഗൂഢാലോചന വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും തെളിവുകളുടെ പിൻബലമില്ലെന്നും കോടതി നിരീക്ഷിച്ചു.
