കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം തുടങ്ങി

കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗണ്‍മാനും പരുക്കേറ്റ സംഭവത്തില്‍ റെയില്‍വേ സി ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്ന കാര്യം ഫെബ്രുവരി 26 ന് റെയില്‍വേ ഐ ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം. സി ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മന്ത്രിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. മന്ത്രിയുടെ ശരീരത്തിലുണ്ടായ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായതാണോയെന്നാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിക്കും ഗണ്‍മാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.

ഇതുവരെ നടത്തിയ പരിശോധനയില്‍ മന്ത്രിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് സൂചന

നിലവില്‍ റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ആര്‍ പി എഫ് പരിശോധിച്ചു വരികയാണ്. ഇവിടെ 55 സി സി ടി വി ക്യാമറകളാണുള്ളത്. ഇതില്‍ എത്ര ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാണെന്നത് എല്ലാം പരിശോധിച്ച ശേഷമേ വ്യക്തമാകൂ. എന്നാല്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ മന്ത്രിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

എം ആര്‍ ഐ സ്‌കാനിംഗില്‍ മന്ത്രിക്ക് ​ഗുരുതര പ്രശ്‌നമില്ലെന്ന് റിപോര്‍ട്ട്.

അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വി ദൃശ്യങ്ങള്‍ കൈമാറണമെന്ന് കാട്ടി റെയില്‍വേ പോലീസ് ആര്‍ പി എഫിനെ സമീപിച്ചിട്ടുണ്ട്. സീല്‍ ചെയ്തു വാങ്ങുന്ന സി സി ടി വി ദൃശ്യങ്ങള്‍ റെയില്‍വേ പോലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എം ആര്‍ ഐ സ്‌കാനിംഗില്‍ ഗുരുതര പ്രശ്‌നമില്ലെന്നാണ് റിപോര്‍ട്ട്. എങ്കിലും കഴുത്തിനും ഇടതു കൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരുക്ക് മൂലം വലതുകൈക്ക് മരവിപ്പുണ്ട്. കെ എസ് യു പ്രവര്‍ത്തകര്‍ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് മന്ത്രിയെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുത്തെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ ഫെബ്രുവരി 25 ബുധനാഴ്ച രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →