നാദാപുരം: ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി യാത്രികർ വലഞ്ഞത് മണിക്കൂറുകൾ. ഫെബ്രുവരി 22 ഞായറാഴ്ച്ച രാത്രി 11.30ന് നാദാപുരം – തലശേരി സംസ്ഥാന പാതയിൽ ചേറ്റ് വെട്ടിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.വീട്ടമ്മയും ചെറിയ കുട്ടിയും അടങ്ങുന്ന കുടുംബം പെരിങ്ങത്തൂർ ഭാഗത്തുനിന്ന് കാറിൽ യാത്ര ചെയ്യവേ ചെറുതും വലുതുമായി പത്തിലേറെ വരുന്ന പന്നികൾ കാറിന് മുന്നിലൂടെ ഓടുകയായിരുന്നു.
കാർ ചലിപ്പിക്കാനാകാതെ റോഡിൽ കുടുങ്ങി.
ഇതിനിടെ ഒരെണ്ണം കാറിൽ ഇടിക്കുകയും കാറിനടിയിൽപ്പെടുകയുമായിരുന്നു. ഇതോടെ കാർ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനാകാതെ റോഡിൽ കുടുങ്ങി. തുടർന്ന് കാർ യാത്രികർ പോലീസ് സഹായം തേടുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ സമയം എടുത്ത് കാറിന്റെ പിൻഭാഗം ഉയർത്തി പന്നിയെ കയറിൽ ബന്ധിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു.
മുമ്പും നിരവധി വാഹന യാത്രികൻ അപകടത്തിൽ പെട്ടിട്ടുണ്ട് .
നാദാപുരം – തലശേരി റോഡിൽ പന്നിശല്യം ഏറെയുള്ള പ്രദേശമാണ് ചേറ്റ് വെട്ടി. പന്നികൾ റോഡിന് കുറുകെ ഓടി ഉണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
