കൊച്ചി : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം 67 പേർ മരണപ്പെട്ടതായി വനം വകുപ്പിന്റെ വ്യക്തത. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ അവലോഹന യോഗത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ വന്യജീവി ആക്രമണത്തിൽ 1549 മരണങ്ങൾ സംഭവിച്ചു
2024-2025 സാമ്പത്തിക വർഷത്തിൽ ആനകളുടെ ആക്രമണത്തിൽ – 19, പാമ്പ് കടിയേറ്റ് – 34, കാട്ടുപന്നി ആക്രമണം – 1, കടുവ ആക്രമണം – 1, ഗൗർ ആക്രമണം – 1, മറ്റുള്ളവ – 1 എന്നിങ്ങനെയാണ് മരണ വിവര കണക്കുകൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട 19 മരണങ്ങളിൽ 15 എണ്ണം വനമേഖലയിലാണ് സംഭവിച്ചത്. ഇതിൽ 13 പേർ ആദിവാസി സമൂഹത്തിൽ പെട്ടവരാണ്. 2016-17 മുതൽ വന്യജീവി ആക്രമണത്തിൽ മനുഷ്യൻ മരണപ്പെടുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ വന്യജീവി ആക്രമണത്തിൽ 1549 മരണങ്ങൾ സംഭവിച്ചു. ഇതിൽ 1158 എണ്ണം പാമ്പ് കടിയേറ്റ് മരിച്ചവരാണ്.
2024-ൽ മനുഷ്യ – മൃഗ സംഘർഷം ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
കേരളത്തിൽ ഏകദേശം 16,000 കിലോ മീറ്റർ വന അതിർത്തികളുണ്ട്. ഇതിൽ 4000 കിലോ മീറ്റർ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളാണ്. വനമേഖലയിൽ 1000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാൽ മനുഷ്യ – വന്യ ജീവി സംഘർഷ രഹിതം എന്ന ലക്‌ഷ്യം കൈവരിക്കുക അസാധ്യമാണ്. ശരിയായ ഇടപെടലുകൾ നടത്തിയാൽ സംഘർഷത്തിന്റെ തോത് പകുതിയായി കുറയ്ക്കുവാൻ കഴിയും. 2024-ൽ മനുഷ്യ – മൃഗ സംഘർഷം ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിലൂടെ 36 അടിയന്തിര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ചു. 28 റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനക്ഷമമാണ്. സംസ്ഥാനത്ത് 2 മുൻസിപ്പാലിറ്റികളും 28 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്ന് വിവരാവകാശ മറുപടിയായി അഡ്വ. കുളത്തൂർ ജയ്‌സിങിന് ലഭിച്ച വന്യജീവി സംഘർഷ സർക്കാർ അവലോഹന യോഗ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
