നെടുമുടി: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്റെ ജീവനാണ് പമ്പയാറിന്റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ കോരിയെടുത്തത്.ജനുവരി 28 ബുധനാഴ്ച രാവിലെ എട്ടോടെ കൈനകരി എൺപതിൽചിറ ജെട്ടിയിലാണ് അപകടം.
കൈനകരി കെ.ഇ. കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ജിഫ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നെടുമുടിയിൽനിന്ന് ആയിരവേലി വഴി സർവീസ് നടത്തുന്ന ബോട്ടിലാണു സ്ഥിരമായി സ്കൂളിൽ പോകുന്നത്.
കുട്ടി അമ്മയുടെ കൈയിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു
ബുധനാഴ്ച ബോട്ടിലേക്കു കയറുന്നതിനിടെ കുട്ടി അമ്മയുടെ കൈയിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ബോട്ടിലെ ലാസ്കർമാരായ സെൽവരാജും ജയലാലും ചേർന്നു വെള്ളത്തിൽ താഴ്ന്നുപോയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം വച്ചാണു ജീവനക്കാർ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റ സെൽവരാജിനെയും ജയലാലിനെയും ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോട്ട് മാസ്റ്റർ മിഥുൻ പി. മോഹൻ, സ്രാങ്ക് ജെ.അഷ്റഫ്, ഡ്രൈവർ വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷിക്കുന്നതിനിടെ സാരമായി പരുക്കേറ്റ സെൽവരാജിനെയും ജയലാലിനെയും ചമ്പക്കുളത്തെ ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
