കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതി കൂടി. ഷിംജിത പകര്‍ത്തിയ വീഡിയോയില്‍ ഉള്‍പ്പെട്ട സഹയാത്രക്കാരിയായ പെണ്‍കുട്ടിയാണ് തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
തന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മാനഹാനി ഉണ്ടാക്കിയെന്നും കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി
ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തന്റെ മുഖവും ഷിംജിത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് തന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മാനഹാനി ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കണ്ണൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
വീഡിയോ ഉടന്‍ നീക്കം ചെയ്യണം
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ ഉടന്‍ നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദീപക്കിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഈ വീഡിയോ വീണ്ടും ചര്‍ച്ചയായതോടെയാണ് പെണ്‍കുട്ടി പരാതിയുമായി എത്തിയത്.അതേസമയം, ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് (ജനുവരി 23) കുന്ദമംഗലം കോടതി പരിഗണിക്കും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കും.
