ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീതത്തിലെ അതുല്യപ്രതിഭ പണ്ഡിറ്റ് ജസ് രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മകൾ ദുർഗ ജസ് രാജ് ആണ് മരണവിവരം അറിയിച്ചത്.
1930 ജനുവരി 28-ന് ഹരിയാനയിലെ ഹിസാറിൽ മോത്തിറാംജിയുടെ മകനായി ജനിച്ചു. അച്ഛനിൽ നിന്ന് തന്നെയാണ് സംഗീതപഠനം ആരംഭിച്ചത്. പിന്നീട് മൂത്ത സഹോദരന് മണിറാമിൽ നിന്നും മഹാരാജ ജയിവന്ദ് സിംഗ് ജി വഗേല, ആഗ്ര രാജകുടുംബത്തിലെ സ്വാമി വല്ലഭദായി എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു. മണി റാമിന്റെ തബല വാദകനായി കുറച്ചുനാൾ തുടർന്നു. പിന്നീട് സംഗീത അഭ്യസനം തുടങ്ങി.
സംഗീതരംഗത്തെ പുതിയ പരീക്ഷണങ്ങൾ ജസ് രാജ് നടത്തുകയുണ്ടായി. പൂനെയിലെ സംഗീത ആരാധകർക്കിടയിൽ ‘ജസ് രംഗി’ എന്ന പേരിൽ അറിയപ്പെടുന്ന ആണ് പെണ് ഗായകർ ഒരേ സമയം രണ്ടു ഗാനാലാപനം നടത്തുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ജുഗല്‍ബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി.
ഇദ്ദേഹത്തിൻറെ സംഗീതത്തിലെ സംഭാവനകൾ കണക്കിലെടുത്ത് രാജ്യം മൂന്ന് പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പത്മവിഭൂഷൺ, പത്മഭൂഷൻ, പത്മശ്രീ എന്നിവയായിരുന്നു ഇവ. ഇതുകൂടാതെ സംഗീതനാടക അക്കാദമി അവാർഡ്, മാസ്റ്റർ ദിനാഘോഷ് മംഗേഷ്കർ പുരസ്കാരം, സംഗീതനാടക അക്കാദമി ഫെലോഷിപ്പ്, സംഗീത കലാരത്ന, സ്വാതി സംഗീത പുരസ്കാരം, മാർവാർ സംഗീതരത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്.

