ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് യുവാവിനെ ആൾക്കൂട്ടം നഗ്നനാക്കി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് തെരുവിലൂടെ നടത്തി. ഇവർ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തെയും തർക്കങ്ങളും പൊലീസ് കേസും നിലനിന്നിരുന്നു.
ആൾക്കൂട്ടം യുവാവിന്റെ കാർ അടിച്ചുതകർത്തു
ജനുവരി രണ്ടിന് ഇരുവരും കണ്ടുമുട്ടിയപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കൾ കാണുകയും ഇടപെടുകയുമായിരുന്നു. ബഹളത്തിനിടെ ഒത്തുകൂടിയ ആൾക്കൂട്ടം യുവാവിന്റെ കാർ അടിച്ചുതകർത്തു. പിന്നീട് ഇയാളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കൈകൾ കെട്ടിയിട്ട ശേഷം തെരുവിലൂടെ നടത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. പരസ്യമായി അപമാനിച്ചതിനും മർദ്ദിച്ചതിനുമെതിരെ യുവാവിന്റെ കുടുംബം പോലീസിൽ പരാതി നൽകി.
