തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങിപ്പോയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലും രോഗിയുടെ പരാതിയിലുമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളില്‍ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്.
നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം
ലിഫ്റ്റിന്റെ സര്‍വ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതം സര്‍ക്കാരിന് നടപടിയെടുക്കാം. നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.രവീന്ദ്രന്‍ നായര്‍ക്ക് ലിഫ്റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നല്‍കണമെന്നും ഉത്തരവിലുണ്ട് .
തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല
രവീന്ദ്രന്‍ നായര്‍ 2025 ജൂലൈ 13 ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ 6 വരെ ലിഫ്റ്റില്‍ കുടുങ്ങിയെന്ന വസ്തുതയില്‍ എതിര്‍കക്ഷികള്‍ക്ക് തര്‍ക്കമില്ലെന്ന് ഉത്തരവില്‍ പറയുന്നു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിനുണ്ട്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. .
