തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
