ന്യൂഡൽഹി: ക്രൈസ്തവ ആചാരപ്രകാരം പിതാവിന്റെ മൃതസംസ്കാരം നടത്തിയതിന് ഗ്രാമമുഖ്യനു (സർപഞ്ച്) നേരേ ആൾക്കൂട്ട ആക്രമണം. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണു സംഭവം. പിതാവിനെ സംസ്കരിച്ച സ്ഥലം പ്രാദേശിക ദേവന്റേതാണെന്നും അതിനാൽ ക്രൈസ്തവ ആചാരപ്രകാരമുള്ള സംസ്കാരം അനുവദിക്കില്ലെന്നും പറഞ്ഞ് ചിലർ രംഗത്തുവന്നതോടെയാണ് രാജ്മാൻ സലാം എന്ന തെരഞ്ഞെടുക്കപ്പെട്ട ഗ്രാമമുഖ്യന് അതിക്രമം നേരിടേണ്ടിവന്നത്.
ക്രമസമാധാനം നിയന്ത്രിക്കാനെത്തിയ പോലീസിനെയും അക്രമിച്ചു.
സംസ്കാരകർമങ്ങളിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവരെ അക്രമിസംഘം വടികളുമായി ആക്രമിക്കുന്നതിന്റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്രമസമാധാനം നിയന്ത്രിക്കാനെത്തിയ പോലീസിനെയും അക്രമികൾ വടികൾ ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.കഴിഞ്ഞ മാസവും സമാനസംഭവം ഛത്തീസ്ഗഡിലുണ്ടായി. ബലോദ് ജില്ലയിലെ ജെവർത്തല ഗ്രാമത്തിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ച രാമൻ സാഹു എന്ന വ്യക്തിയെ ഹിന്ദു മതാചാരപ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യവിരുദ്ധർ സംസ്കാരച്ചടങ്ങ് തടയുകയായിരുന്നു.
മൃതസംസ്കാരവുമായി ബന്ധപ്പെട്ട് വേറെയും സംഭവങ്ങൾ
മൃതദേഹത്തിന് ബന്ധുക്കൾ രാത്രി മുഴുവൻ കാവലിരുന്ന് പിറ്റേന്നു ഗ്രാമത്തിൽനിന്ന് പത്തു കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ഹൈന്ദവ മതവിശ്വാസിയായിരുന്ന വ്യക്തി ക്രിസ്തുമതം സ്വീകരിച്ചതാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തിനു കാരണമായതെന്ന് ബലോദ് ജില്ലാ പോലീസ് മേധാവി യോഗേഷ് പട്ടേൽ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് നവംബറിൽ മറ്റൊരു സംഭവവും കാങ്കർ ജില്ലയിലുണ്ടായി.
ഗ്രാമത്തിലെ ഗോത്രത്തിന്റെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണു സംഭവത്തിൽ പോലീസ് സ്വീകരിച്ചത്
ഏതാനും മാസം മുന്പ് ക്രിസ്തുമതം സ്വീകരിച്ച മനോജ് നിഷാദ് എന്ന വ്യക്തിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് പ്രശ്ങ്ങൾ അരങ്ങേറിയത്. കുടുംബത്തിന്റെ സ്വന്തം ഭൂമിയിൽ ക്രൈസ്തവ ആചാരപ്രകാരം സംസ്കാരം നടത്തുന്നത് ചിലർ തടഞ്ഞു. കുടുംബം ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുവിശ്വാസത്തിലേക്കു വന്നാൽ മൃതസംസ്കാരം അനുവദിക്കാമെന്നായിരുന്നു അതിക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ നിലപാട്. ഗ്രാമത്തിലെ ഗോത്രത്തിന്റെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണു സംഭവത്തിൽ പോലീസ് സ്വീകരിച്ചത്. തുടർന്ന് സ്വന്തം ഗ്രാമത്തിൽനിന്ന് വളരെ അകലെയുള്ള ഒരു പ്രദേശത്ത് സംസ്കാരം നടത്താൻ വീട്ടുകാർ നിർബന്ധിതരാകുകയായിരുന്നു.
