ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യർത്ഥന പരിശോധിക്കുകയാണെന്ന് ഇന്ത്യ. ജുഡീഷൽ, ആഭ്യന്തര നിയമ നടപടിക്രമങ്ങൾ അനുസരിച്ച് ബംഗ്ലാദേശിന്റെ ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ
കഴിഞ്ഞ വർഷം ധാക്കയിലെ വിദ്യാർഥി പ്രതിഷേധങ്ങളെത്തുടർന്നു പലായനം ചെയ്ത് ഇന്ത്യയിൽ താമസിക്കുന്ന 78കാരിയായ ഹസീനയെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര മാധ്യമസമ്മേളനത്തിലാണ് വക്താവിന്റെ അളന്നുമുറിച്ച പ്രതികരണം. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കു നേരത്തേ ധാക്ക ട്രൈബ്യൂണൽ വധശിക്ഷയ്ക്കു വിധിച്ച ഹസീനയ്ക്കെതിരേ, മൂന്നു അഴിമതി കേസുകളിൽ ബംഗ്ലാദേശ് കോടതി ഇന്നലെ 21 വർഷം തടവുശിക്ഷയും വിധിച്ചു. സർക്കാർ ഭവനപദ്ധതിയിൽ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണു ഹസീനയ്ക്കു പുതിയ ശിക്ഷ.
ബംഗ്ലാദേശ് ജനങ്ങളുടെ മികച്ച താത്പര്യങ്ങൾക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്
“തുടരുന്ന ജുഡീഷൽ, ആഭ്യന്തര നിയമ പ്രക്രിയകളുടെ ഭാഗമായി അഭ്യർഥന പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സമാധാനം, ജനാധിപത്യം, ഉൾപ്പെടുത്തൽ, സ്ഥിരത എന്നിവയുൾപ്പെടെ ബംഗ്ലാദേശ് ജനങ്ങളുടെ മികച്ച താത്പര്യങ്ങൾക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, എല്ലാ പങ്കാളികളുമായും ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടുന്നതു തുടരും.’’- ജയ്സ്വാൾ പറഞ്ഞു.ഹസീനയെ സംരക്ഷിക്കുന്നതിന്റെ പേരിൽ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലഞ്ഞ പശ്ചാത്തലത്തിൽ പുതിയ പ്രതികരണത്തിനു പ്രാധാന്യമേറെയാണ്.
