ന്യൂഡൽഹി: എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ. കേരളത്തിലെ എസ്ഐആർ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്. പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്പർ ബൂത്തുകളിൽ എസ്ഐആർ ഫോം വിതരണം പൂർത്തിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടെന്നും ഇവരുടെ പേരുകൾ കൈമാറാൻ തയാറാണെന്നും ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ അറിയിച്ചു.
അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേനയാണ് ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്ഐആർ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി നൽകിയ ഹർജിയിലാണ് അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേന ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്. നിലവിൽ നടക്കുന്ന എസ്ഐആർ നടപടി, എംഎൽഎ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നവംബർ 26 ബുധനാഴ്ച കോടതി പരിഗണിക്കും .
ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടില്ലന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നവംബർ 26 ബുധനാഴ്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷ നൽകിയത്. .
