തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷത്തിന് ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല. സാധാരണ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണറാണ്. തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും സർക്കാർ-രാജ്ഭവൻ ഏറ്റുമുട്ടൽ തുടരുകയാണ്.
2022-ൽ ഗവർണറെ ക്ഷണിക്കാതെ സർക്കാർ ഓണാഘോഷം നടത്തി
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022-ലാണ് ഈ പതിവ് തെറ്റിയത്. സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി തുറന്ന ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്. 11 ഓർഡിനൻസുകൾ അംഗീകാരംകാത്ത് രാജ്ഭവനിലുമായിരുന്നു. അസ്വസ്ഥത നീറിനൽക്കുന്നത് കണക്കിലെടുത്ത് ഗവർണറെ ക്ഷണിക്കാതെ സർക്കാർ ഓണാഘോഷം നടത്തി. ക്ഷണമില്ലെന്നുകണ്ട ആരിഫ് മുഹമ്മദ് ഖാൻ അന്നേദിവസം അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം ഓണമാഘോഷിച്ച് മാധ്യമങ്ങളിൽനിറഞ്ഞുനിന്നു. ഗവർണർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചും ഗവർണർ ‘പകരംവീട്ടി.’
