തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ മലപ്പുറം സ്വദേശി ലോകായുക്തയിൽ പരാതി നൽകി. റംസാൻ കിറ്റ് വിതരണത്തിന് യുഎഇ കോൺസുലേറ്റ് വഴി ഭക്ഷണ കിറ്റുകൾ സ്വീകരിച്ചത് സംബന്ധിച്ച് ചട്ടലംഘനം ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കെ ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ഇതിൻറെ പേരിൽ പരാതിക്കാരൻ ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വിശദീകരണം ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് അയച്ചു. യുഎഇ കോൺസുലേറ്റുമായി മന്ത്രി നടത്തിയ ആശയവിനിമയത്തിന്‍റെ മുഴുവൻ പകർപ്പും ഹാജരാക്കുവാൻ ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 24- ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. വിശദീകരണം നൽകി ഇല്ലായെങ്കിൽ പരാതി സ്വീകരിച്ച് തുടർ നടപടികൾ ആരംഭിക്കും എന്നും അറിയിച്ചിട്ടുണ്ട്.
മന്ത്രി ജലീലിന്‍റെ രാജി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ് ഈ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. മറ്റൊരു രാജ്യത്തു നിന്ന് സഹായം സ്വീകരിക്കുന്നതിന് സംസ്ഥാന മന്ത്രിയ്ക്ക് അധികാരമില്ല. ഭരണഘടനാ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്- കെ സുരേന്ദ്രൻ വിമർശിച്ചു.

