തിരുവനന്തപുരം | ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടതോടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ചികിത്സകള്‍ മുടങ്ങി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ജൂൺ 8 ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചത്. ജൂൺ8 മുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച ഡോക്ടര്‍മാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു.. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം 9 ന് വിളിച്ചിട്ടുണ്ട്.
പല രോഗികളും സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടി
ശസ്ത്രക്രിയ മുടങ്ങിയതോടെ പല രോഗികളും സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടി. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താല്‍ക്കാലികമായി കരാര്‍ നീട്ടുകയായിരുന്നു. പഴയ വിലയില്‍ തന്നെയായിരുന്നു ഉപകരണങ്ങള്‍ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതോടെയാണ് പ്രതിസന്ധിള്‍ ഉടലെടുത്തത്. അതേ സമയം കരാറുകള്‍ പുതുക്കാനുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത് .
