പഹല്‍ഗാമില്‍ ഇന്ത്യ തിരിച്ചടിക്ക് നീക്കം ശക്തമാക്കുന്നുവെന്ന സൂചനകള്‍ക്കിടെ സന്ദര്‍ശനങ്ങള്‍ മാറ്റിവച്ച്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ദില്ലി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന ഇന്ത്യൻ നിലപാടിനിടെ സന്ദര്‍ശനങ്ങള്‍ മാറ്റിവച്ച്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും. മെയ് ആദ്യവാരം നടക്കാനിരുന്ന റഷ്യൻ സന്ദര്‍ശനം പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. പിന്നാലെ മെയ് 5 മുതല്‍ ഒമ്ബത് വരെ രാഷ്ട്രപതി നടത്താനിരുന്ന ഷിംല സന്ദര്‍ശനവും മാറ്റിവച്ചു.

അടിയന്തര സാഹചര്യത്തിന്‍റെ സൂചന നല്‍കുന്നതാണ് പുതിയ നീക്കം

പഹല്‍ഗാമില്‍ ഇന്ത്യ തിരിച്ചടിക്ക് നീക്കം ശക്തമാക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യാത്രാ പരിപാടികളിലെ മാറ്റം. അടിയന്തര സാഹചര്യത്തിന്‍റെ സൂചന നല്‍കുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയായിരുന്നു പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു.
അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കും. എന്നാല്‍ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റം വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിനടക്കമായി കേരളത്തില്‍ പ്രധാനമന്ത്രി ഇന്ന് എത്തും. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നാളെയും മറ്റന്നാളുമായി മോദി എത്തുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണ്ണായക യോഗങ്ങള്‍.

പഹല്‍ഗാം തിരിച്ചടിക്കായി സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു നിര്‍ണ്ണായക യോഗങ്ങള്‍. സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.

ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും.

പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച്‌ പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാനാണ് ഇന്ത്യയുടെ മറ്റൊരു തീരുമാനം. ഇതിനായി എം പിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച്‌ സാഹചര്യം വിശദീകരിക്കും.

പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചേക്കും

മന്ത്രിസഭ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും, സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും. പ്രധാനമന്ത്രിയുടെ അനുമതിയോടെയാകും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക. ഇതിനിടെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്നും, സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →