വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം

ഡല്‍ഹി: വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കണമെന്ന മുൻനിർദേശം പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമർശനം . ഫെബ്രുവരി രണ്ടിന് കേസ് പരിഗണിച്ചപ്പോള്‍, രാജ്യത്തു വനവിസ്തൃതി കുറയുന്നതിന് കാരണമാകുന്ന പ്രവർത്തനങ്ങളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി വിലക്കിയിരുന്നു.

ചീഫ് സെക്രട്ടറിമാരും അഡ്മിനിസ്ട്രേറ്റർമാരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കും

ഒരു മാസത്തി നുള്ളില്‍ വനപ്രദേശം, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ രൂപരേഖ തയാറാക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിച്ച്‌ ആറു മാസത്തിനുള്ളില്‍ രൂപരേഖ തയാറാക്കിയില്ലെങ്കില്‍ അതത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരും അഡ്മിനിസ്ട്രേറ്റർമാരും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

സമയബന്ധിതമായി നടപടികള്‍ പൂർത്തിയാക്കാനും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
നടപടിക്രമങ്ങള്‍ പൂർത്തിയാക്കി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസർക്കാരിനാണു റിപ്പോർട്ട് സമർപ്പിക്കേണ്ടത്. കേന്ദ്രസർക്കാർ ഇവ ഏകീകരിച്ച്‌ കോടതിക്കു സമർപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. 2023ലെ വനസംരക്ഷണ നിയമത്തിലെ ചില ഭേദഗതികള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം റിട്ട് ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ഭൂമി തിരിച്ചറിയുന്ന നടപടിക്രമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വിദഗ്ധസമിതികള്‍ തിരിച്ചറിഞ്ഞ വനംപോലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമിയുടെ ഏകീകൃത രേഖ തയാറാക്കണമെന്ന വനനിയമത്തിലെ ചട്ടം 16 (1) നടപ്പാക്കിയാല്‍ത്തന്നെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകുമെന്ന് ഹർജി പരിഗണിക്കവേ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, 2023ലെ വന നിയമ പ്രകാരം സർക്കാർ രേഖകളില്‍ വനമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമി തിരിച്ചറിയുന്ന നടപടിക്രമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ വനഭൂമി കുറയ്ക്കുന്നതിന് കാരണമാകുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന ഇടക്കാല ഉത്തരവും ബെഞ്ച് അന്ന് പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങള്‍ക്കായി വനഭൂമി ഉപയോഗിക്കേണ്ട സാഹചര്യം വന്നാല്‍ പോലും വനവത്കരണത്തിന് ബദല്‍ ഭൂമി നല്‍കണമെന്നും കോടതി നിർദേശിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →