അടിമാലി: വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിന്റെ ഭാഗമായി വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കാന്‍ വനപാലകര്‍ ശ്രമം നടത്തി. വന്യജീവികള്‍ക്ക് ജനവാസമേഖല കടന്ന് ദൂരെയുള്ള പെരിയാറ്റിലേക്കെത്താതെ തന്നെ വെള്ളം ലഭ്യമാക്കുന്നതിനായാണ് ഈ സംരംഭം നടപ്പാക്കിയത്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം റേഞ്ചിന് കീഴിലുള്ള ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലാണ്.മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്.
പടുതാക്കുളം നിര്‍മിച്ചു
.വനപാലകര്‍ ആറു മീറ്റര്‍ നീളത്തില്‍, അഞ്ചു മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലുമുള്ള പടുതാക്കുളം നിര്‍മിച്ചു. ഇതില്‍ ഏകദേശം 50,000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്നതാണ്. വെള്ളം തീരുമ്പോഴെല്ലാം ഈ താത്കാലിക കുളം വീണ്ടും നിറച്ച് നല്‍കും.വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത് വലിയ പ്രശ്നമായിരുന്നു. പെരിയാറ്റിലെത്തിയാല് മാത്രമേ ഇവര്‍ക്ക് വെള്ളം ലഭിക്കുമായിരുന്നുള്ളു. ജനവാസമേഖല കടന്ന് പോകേണ്ടി വന്നതോടെ മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ദ്ധിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി പ്രദേശത്ത് വൈദ്യുതി ഫെന്‍സിംഗ് ഒരുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുടിവെള്ളം ലഭിക്കാതെ മൃഗങ്ങള്‍ പ്രതിസന്ധിയിലായി.
മറ്റിടങ്ങളിലും മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാനുള്ള ആലോചനയിലാണ് വനപാലകർ
വനത്തിനുള്ളില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കിയതോടെ വന്യ മൃഗങ്ങളുടെ കാടിറക്കം കുറവായി. ശ്രമം വിജയിച്ചതോടെ സ്റ്റേഷന് പരിധിയിലെ മറ്റ് പ്രദേശങ്ങളിലും സമാന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ആലോചനയിലാണ് വനപാലകര്‍
